ആകാശ് ദീപ്
ന്യൂഡൽഹി: പഠനനിലവാരം മോശമായതിനു പിന്നാലെ ബിടെക് ആദ്യ വർഷ വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശിയായ ആകാശ് ദീപ് ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലിൽ വച്ചായിരുന്നു മരണം. മാതാപിതാക്കൾക്കായുള്ള കുറിപ്പിൽ വിദ്യാഭ്യാസത്തിനു വേണ്ടി പണം വെറുതേ കളയാൻ ആഗ്രഹിക്കുന്നില്ലെന്നും ആകാശ് കുറിച്ചിട്ടുണ്ട്. ഡൽഹി ടെക്നിക്കൽ ക്യാംപസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ആകാശ്. സഹപാഠികളാണ് ആകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. മാതാപിതാക്കളോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള കുറിപ്പ് പൊലീസ് മുറിയിൽ നിന്ന് കണ്ടെത്തി. നിങ്ങളുടെ മകൻ ദുർബലനാണ്, എന്‍റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദിയെന്നും കുറിപ്പിലുണ്ട്. പതിനൊന്ന്, 12 ക്ലാസുകളിൽ ഉണ്ടായത് ഇവിടെയും ആവർത്തിക്കാൻ എനിക്ക് ആഗ്രഹമില്ല. ഞാനെന്‍റെ തോൽവി സമ്മതിക്കുന്നു, ഇതെനിക്കുള്ളതല്ല.
നിങ്ങളുടെ പണം വെറുതേ കളഞ്ഞ്, ഇല്ലാത്ത പ്രതീക്ഷകൾ നൽകി ഇനി നാല് വർഷം കൂടി ഇതേ പോലെ വലിച്ചു നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് എല്ലാം അവസാനിപ്പിക്കുന്നു. 11, 12 ക്ലാസുകളിൽ മോശം റിസൾട്ട് ആയിരുന്നു. അതിനിയും സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പിലുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)