ലഗേജ് ഡോറിൽ കൂട്ടത്തോടെ തേനീച്ച; ഇൻഡിഗോ ഫ്ലൈറ്റ് വൈകി|Video
ന്യൂഡൽഹി: ലഗേജ് ഡോറിൽ തേനീച്ചകൾ കൂടു കൂട്ടിയതോടെ ഒരു മണിക്കൂറോളം വൈകി സൂററ്റ്- ജയ്പുർ ഇൻഡിഗോ ഫ്ലൈറ്റ്. തിങ്കളാഴ്ച വൈകിട്ട 4.20 ന് യാത്ര തുടങ്ങേണ്ടിയിരുന്ന എ320 വിമാനമാണ് തേനീച്ചകൾ കാരണം വൈകിയത്. യാത്രക്കാരെല്ലാം വിമാനത്തിൽ കയറിയിരുന്നു. ലഗേജ് എല്ലാം കയറ്റിയതിനു ശേഷം ഡോർ അടക്കാൻ ശ്രമിച്ചപ്പോഴാണ് തേനീച്ചകൾ ഡോറിൽ കൂടു കൂട്ടിയത് കണ്ടത്.
വെറും മിനിറ്റുകൾ കൊണ്ടാണ് തേനീച്ചകൾ കൂട്ടത്തോടെ ഡോറിൽ ഇടം പിടിച്ചത്. എയർപോർട്ട് ജീവനക്കാർ പുകയടിപ്പിച്ച് തേനീച്ചകളെ പായിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ അഗ്നിശമന സേനയെത്തിയാണ് തേനീച്ചകളെ പറത്തിയത്. ഡോറിലേക്ക് ശക്തിയിൽ വെള്ളം ചീറ്റിച്ചതോടെ തേനീച്ചകൾ പറന്നു പോയി.
തേനീച്ചകളെ എല്ലാം തുരത്തിയതിനു ശേഷം ഒരു മണിക്കൂർ വൈകി 5.20നാണ് വിമാനം യാത്ര തിരിച്ചത്.