നിശ്ചിത് (13)
ബംഗളൂരു: പണത്തിനായി 13 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേര്‍ അറസ്റ്റില്‍. ബന്നാർഘട്ട പ്രദേശത്തിനടുത്ത് വെള്ളിയാഴ്ച രാവിലെ പൊലീസ് ഏറ്റുമുട്ടലിലാണ് പ്രതികൾ പിടിയിലാവുന്നത്. ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ വീട്ടിലെ ഡ്രൈവറായ ഗുരുമൂർത്തി, ഇയാളുടെ സാഹയി ഗോപാല കൃഷ്ണ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ നിശ്ചിതിനെ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കൾ നടത്തിയ തെരച്ചിലിൽ നിശ്ചിതിന്‍റെ സൈക്കിള്‍ ഒരു പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയതായും വിട്ടയയ്ക്കാന്‍ 5 ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ കോള്‍ ലഭിച്ചു.
ഇതോടെ ഇവർ രാത്രി 10.30 ന് ഹുളിമാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ടോടെ ബന്നാർഘട്ട-ഗോട്ടിഗെരെ റോഡിനടുത്തുള്ള വിജനമായ പ്രദേശത്തെ പാറക്കെട്ടുകളിൽ നിന്നും പാതി കത്തിക്കരിഞ്ഞ നിലയില്‍ നിശ്ചിതിന്‍റെ മൃതദേഹം കണ്ടെത്തി.
ഇതിനിടെ പ്രതികൾ കഗ്ഗലിപുര റോഡിന് സമീപം ഒളിച്ചിരിക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. എന്നാൽ പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗുരുമൂർത്തിയുടെ രണ്ട് കാലുകളിലും ഗോപികൃഷ്ണയുടെ വലതു കാലിലുമാണ് വെടിയേറ്റത്. ഇരുവരേയും ഉടന്‍ അറസ്റ്റ് ചെയ്ത് അടുത്തുള്ള ജയനഗര്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ഉടന്‍ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.
കുട്ടിയുടെ മാതപിതാക്കൾ പൊലീസിനെ വിവരമറിയിച്ചതോടെ പിടിക്കപ്പെടുമെന്ന ഭയത്തിൽ പ്രതികൾ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. പ്രതികൾക്കെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.