ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ വാതക ദുരന്തം നടന്ന് നാൽപ്പത് വർഷത്തിനൊടുവിൽ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിലെ മാരകമായ മാലിന്യങ്ങൾ 250 കിലോമീറ്റർ ദൂരത്തേക്കു നീക്കുന്നു. ഇൻഡോറിനടുത്ത് പീതംപൂരിലാണ് ഇതിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മധ്യപ്രദേശ് തലസ്ഥാനത്തുനിന്ന് ഈ മാലിന്യം നീക്കാൻ പലവട്ടം നിർദേശം നൽകിയിട്ടും പാലിക്കാത്തതിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.
1984 ഡിസംബർ രണ്ടിനു രാത്രിയാണ് യൂണിയൻ കാർബൈഡ് ഫാക്റ്റിയിൽനിന്ന് മീഥൈൽ ഐസോസയനേറ്റ് എന്ന വിഷ വാതകം ചോർന്ന് ഭോപ്പാലിൽ 5,479 പേർ മരിച്ചത്. അഞ്ച് ലക്ഷത്തോളം പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇതു കാരണമുണ്ടായി.
ജിപിഎസ് ഘടിപ്പിച്ച അതീവ സുരക്ഷാ ട്രക്കുകളിലാണ് മാലിന്യം ഭോപ്പാലിൽനിന്ന് ഇൻഡോറിലേക്കു മാറ്റുന്നത്. ഞായറാഴ്ച രാവിലെ തന്നെ ട്രക്കുകൾ ഭോപ്പാലിൽ എത്തിയിരുന്നു. തിങ്കളാഴ്ച മാലിന്യം നീക്കം ആരംഭിച്ചു.
പ്രത്യേക പിപിഇ കിറ്റുകൾ ധരിച്ച ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും പരിസ്ഥിതി ഏജൻസികളുടെയും ഡോക്റ്റർമാരുടെയും ഇൻസിനറേഷൻ വിദഗ്ധരുടെയും മേൽനോട്ടത്തിലാണ് മാലിന്യനീക്കം.
നാലാഴ്ചയ്ക്കുള്ളിൽ മാലിന്യനീക്കം പൂർത്തിയാക്കണമെന്നാണ് ഡിസംബർ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി നൽകിയ അന്ത്യശാസനം. അധികൃതർ ഇനിയും അനങ്ങാപ്പാറ നയം തുടർന്നാൽ അത് മറ്റൊരു ദുരന്തത്തിനു കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഭോപ്പാൽ മുതൽ പീതംപുർ വരെ 250 കിലോമീറ്റർ ഗ്രീൻ കോറിഡോർ പ്രഖ്യാപിച്ച്, ഗതാഗതം നിയന്ത്രിച്ചി, പരമാവധി വേഗത്തിൽ മാലിന്യനീക്കം പൂർത്തിയാക്കാനാണ് ശ്രമം. കത്തിച്ചു കളയുന്ന മാലിന്യത്തിന്‍റെ പുക ഫിൽറ്ററുകൾ ഉപയോഗിച്ച് ശുദ്ധീകരിച്ചായിരിക്കും പുറത്തേക്കു വിടുക. ബാക്കി വരുന്ന ചാരം പീതംപുരിൽ, മണ്ണുമായോ വെള്ളവുമായി സമ്പർക്കമുണ്ടാകാത്ത വിധത്തിൽ ഇരട്ടപ്പാളി കവറുകളിലാക്കി ആഴത്തിൽ കുഴിച്ചിടാനാണ് ഉദ്ദേശിക്കുന്നത്.
കേന്ദ്ര - സംസ്ഥാന മലിനീകരണ നിയന്ത്രണം ബോർഡുകളിലെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും മാലിന്യ സംസ്കരണം പൂർത്തിയാക്കുക. 337 മെട്രിക് ടൺ മാലിന്യമാണ് ഭോപ്പാലിലെ പഴയ ഫാക്റ്ററി വളപ്പിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നത്.