ഊർമിള സനാവർ, സുരേഷ് റാത്തോഡ്
ഡെറാഡൂൺ: ഹരിദ്വാറിലെ ജ്വാലാപുർ മുൻ എംഎൽഎയും ബിജെപി നേതാവുമായ സുരേഷ് റാത്തോഡിനെ ഏഴു വർഷത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താക്കി. ആദ‍്യ ഭാര‍്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെ സഹാരൻപുർ സ്വദേശിയായ നടിയെ തന്‍റെ രണ്ടാം ഭാര‍്യയായി സുരേഷ് പരിചയപ്പെടുത്തുന്ന വിഡിയോ സമൂഹമാധ‍്യമത്തിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
സമൂഹമാധ‍്യമത്തിലൂടെ പ്രചരിച്ച വിഡിയോ വിവാദമായതിനു പിന്നാലെ ബിജെപി സുരേഷ് റാത്തോഡിനോട് വിശദീകരണം തേടിയിരുന്നു. ജനുവരിയിൽ ബിജെപി സംസ്ഥാനത്ത് നടപ്പാക്കിയ ഏകീകൃത സിവിൽ കോഡ് പ്രകാരം ബഹുഭാര‍്യത്വം കുറ്റകരമായതിനാൽ നേതാവിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
ആദ‍്യ ഭാര‍്യയായ രവീന്ദ്ര കൗറുമായുള്ള നിയമപരമായ ബന്ധം വേർപ്പെടുത്താതെയായിരുന്നു സുരേഷ് റാത്തോഡ് നടിയായ ഊർമിള സനാവറിനെ വിവാഹം കഴിച്ചത്. രണ്ടാം വിവാഹം പാർട്ടിക്ക് നാണക്കേടുണ്ടാക്കി, പാർട്ടിയുടെ അച്ചടക്കവും സാമൂഹിക പെരുമാറ്റ മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിച്ചു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുരേഷ് റാത്തോഡിനെതിരേ ബിജെപി നടപടി സ്വീകരിച്ചിരിക്കുന്നത്.