നൂറിലധികം സ്കൂളുകൾ, 3 പ്രധാന നഗരങ്ങൾ, ഒരേ സന്ദേശം; രാജ്യത്തെ ഭീതിയിലാഴ്ത്തി ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിൽ വെള്ളിയാഴ്ച അജ്ഞാതർ ബോംബ് ഭീഷണി സന്ദേശമയച്ചു. ഡൽഹി, ബംഗളൂരു, മുംബൈ എന്നീ നഗരങ്ങളിലെ സ്കൂളുകൾ കോളെജുകൾ എന്നിവിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം.
ഡൽഹിയിലെ അൻപതോളം സ്കൂളുകൾ ബോംബ് വച്ചിട്ടുണ്ടെന്നാണ് ആദ്യം എത്തിയ സന്ദേശം. പിന്നാലെ തന്നെ ബംഗളൂരുവിലെ 40 ഓലം സ്കൂളുകളിലും മുംബൈയിലെ നിരവധി സ്കൂളുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തി. സന്ദേശങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും ആശയങ്ങൾ ഒന്നാണ്.
'നിങ്ങൾ എല്ലാവരും വലിയ ഒരു ദുരന്തത്തെ നേരിടാൻ അർഹരാണ്' എന്നാണ് ഇമെയിൽ സന്ദേശങ്ങളിൽ പറയുന്നത്. ബംഗളൂരുവിലേക്കെത്തിയ സന്ദേശങ്ങളിൽ നിങ്ങൾ ഈ ഇമെയിൽ കാണുമ്പോൾ നിസാരമായി തള്ളിക്കളയുമെന്നും എന്നാൽ കുഞ്ഞുങ്ങൾ ചിതറിത്തെറിക്കുന്നത് നിങ്ങൾ കാണുമെന്നും പറയുന്നു.
ഡൽഹിയിൽ ഇത് തുടർച്ചയായി സ്കൂളുകളെ കേന്ദ്രീകരിച്ച് ബോംബ് ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. ഇത് രക്ഷിതാക്കളെ അടക്കം വലിയ ആശങ്കയിലേക്കാണ് നയിക്കുന്നത്. എന്നാൽ, മൂന്ന് നഗരങ്ങളിലും അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു സ്ഥലത്തും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും നിരന്തരമെത്തുന്ന ഇത്തരം സന്ദേശങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇമെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.