തിരിച്ചറിയൽ രേഖകൾ ഉള്ളതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാവില്ല: ബോംബെ ഹൈക്കോടതി

 
India

''തിരിച്ചറിയൽ രേഖകൾ ഉള്ളതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാവില്ല'': ബോംബെ ഹൈക്കോടതി

1955-ൽ പാർലമെന്‍റ് പാസാക്കിയ പൗരത്വ നിയമപ്രകാരം മാത്രമേ ഒരാൾക്ക് പൗരത്വം ലഭിക്കൂ

Namitha Mohanan

മുംബൈ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐടി എന്നീ രേഖകൾ കൈവശം വച്ചതുകൊണ്ടു മാത്രം ഒരാളുടെ ഇന്ത്യൻ പൗരത്വം തെളിയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.

നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതിന് ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിക്കുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ ആർക്കൊക്കെ ഇന്ത്യൻ പൗരനാകാമെന്നും എങ്ങനെ പൗരത്വം നേടാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ തിരിച്ചറിയലിനോ സേവനങ്ങൾക്കോ മാത്രമുള്ളതാണെന്നും ജസ്റ്റിസ് അമിത് ബോർക്കറുടെ ബെഞ്ച് പറഞ്ഞു.

അനധികൃതമായി വ്യാജ രേഖകളുപയോഗിച്ച് ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ താമസിച്ചുവെന്നാണ് ബാബു അബ്ദുൾ റൂഫ് സർദാർ എന്നയാൾക്കെതിരെയുള്ള കുറ്റം.

സാധുവായ പാസ്‌പോർട്ടോ യാത്രാ രേഖകളോ ഇല്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബാബു അബ്ദുൾ റൂഫ് സർദാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഇന്ത്യൻ പാസ്‌പോർട്ട് തുടങ്ങിയ വ്യാജ ഇന്ത്യൻ രേഖകൾ ഇയാൾ സ്വന്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.

1955-ൽ പാർലമെന്‍റ് പാസാക്കിയ പൗരത്വ നിയമം പൗരത്വം നേടുന്നതിനുള്ള സ്ഥിരവും സമ്പൂർണവുമായ ഒരു സംവിധാനം സൃഷ്ടിച്ചതായും ജസ്റ്റിസ് ബോർക്കർ പ്രസ്താവിച്ചു. ഇന്ന് ഇന്ത്യയിൽ ദേശീയതയെക്കുറിച്ചുള്ള ചോദ്യങ്ങൾ തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രിക്കുന്നതുമായ നിയമമാണ് 1955-ലെ പൗരത്വ നിയമം. ആർക്കൊക്കെ പൗരനാകാം, എങ്ങനെ പൗരത്വം നേടാം, ഏതൊക്കെ സാഹചര്യങ്ങളിൽ അത് നഷ്ടപ്പെടാം എന്നിവ വ്യക്തമാക്കുന്ന നിയമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ക്ലിഫ് ഹൗസിലെത്ര മുറികളുണ്ടെന്ന് പോലും എന്‍റെ മകനറിയില്ല"; മക്കളെക്കുറിച്ച് അഭിമാനമെന്ന് മുഖ്യമന്ത്രി

അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം ഭൂപ്രശ്നത്തിനും ശാശ്വത പരിഹാരം കണ്ടെത്തി: ജോസ് കെ. മാണി

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ; വെല്ലുവിളിച്ച് എംഎൽഎ

ഒ.കെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്

''പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്'': മത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ എംപി