ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്തിയപ്പോൾ 

 
India

ബ്രിക്സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്തി

ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വൈകിട്ട് കൂടിക്കാഴ്ച നടത്തും

Sarath Nath MS

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അദ്ദേഹം എത്തിയത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വൈകിട്ട് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷി ഇന്ത്യയിലേക്ക് എത്തിയതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും പാർട്ടി കേന്ദ്ര കമ്മിറ്റി ജനറൽ ഓഫീസ് ഡയറക്റ്ററുമായ കായ് ചി, ചൈനീസ് വിദേശകാര്യ മന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ വാങ് യി എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘവും ഷിക്കൊപ്പമുണ്ട്.

ഏകദേശം ഏഴ് വർഷത്തിനുശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. മോദി–ഷി കൂടിക്കാഴ്ചയെ ചൈന എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന്, കസാനിലും ടിയാൻജിനിലും നടന്ന കൂടിക്കാഴ്ചകൾക്ക് പിന്നാലെ തുടർച്ചയായ മൂന്നാം വർഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ഇരുനേതാക്കളുടെയും തന്ത്രപരമായ മാർഗനിർദേശങ്ങൾ നടപ്പാക്കാനും ഉഭയകക്ഷി ബന്ധങ്ങളെ ദീർഘകാല, തന്ത്രപരമായ കാഴ്ചപ്പാടിൽ കൈകാര്യം ചെയ്യാനും ചൈന തയ്യാറാണ്. ആശയവിനിമയം ശക്തിപ്പെടുത്തുക, സഹകരണം വർധിപ്പിക്കുക, അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുക എന്നിവയ്ക്കും പ്രാധാന്യം നൽകുമെന്ന് മാവോ നിങ് വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഷി ജിൻപിങ്ങിന്‍റെ ഇന്ത്യാ സന്ദർശനം. 2020ലെ കിഴക്കൻ ലഡാക്ക് അതിർത്തി സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗഷ്മളമായിരുന്നില്ല. ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കഴിഞ്ഞ മാസം ബീജിങ്ങിൽ അതിർത്തി വിഷയങ്ങൾ, അതിർത്തിയിലെ സമാധാനവും ശാന്തതയും നിലനിർത്തൽ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ എന്നിവ ചർച്ച ചെയ്തിരുന്നു.

ഓഗസ്റ്റ് 25ന് ബീജിങ്ങിൽ നടന്ന 25-ാമത് പ്രത്യേക പ്രതിനിധി തല ചർച്ചയിൽ ഇരുപക്ഷവും എട്ട് വിഷയങ്ങളിൽ‌ ധാരണയിലെത്തിയിരുന്നു. അതിർത്തി വിഷയത്തിലും മറ്റ് ഉഭയകക്ഷി വിഷയങ്ങളിലും നടന്ന ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ മോദി–ഷി കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യ–ചൈന ബന്ധത്തിന്‍റെ ഭാവി സംബന്ധിച്ച സൂചനകൾ കൂടിക്കാഴ്ചയിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

നവ്ദീപ് സൈനിയുടെ ബൗൺസറിൽ ഇഷാൻ കിഷന് പരുക്ക്; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത‍്യയ്ക്ക് തിരിച്ചടി

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

വിരാട് കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോ? വ‍്യക്തമാക്കി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്