ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും

 
India

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സമവായത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയായതിനാൽ ഒരു അംഗരാജ്യത്തിന് പോലും അന്തിമ സംയുക്ത പ്രഖ്യാപനം തടയാനാകും

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇറാനും യുഎഇയും തമ്മിൽ നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് ഇത്. വർധിച്ചുവരുന്ന അന്താരാഷ്ട്ര സംഘർഷങ്ങളിൽനിന്ന് ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കാണ് ഇന്ത്യ പ്രധാന്യം നൽകുന്നത്.

സംയുക്ത പ്രഖ്യാപനത്തിലെ തർക്കവിഷയങ്ങളിൽ സമവായത്തിലെത്താൻ തീവ്രമായ നയതന്ത്ര ചർച്ചകൾ നടക്കുകയാണെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഇറാനും യുഎഇയും നിലപാടുകൾ കടുപ്പിച്ചതിനാൽ ചർച്ചകൾ അവസാന നിമിഷംവരെ നീളാനിടയുണ്ടെന്നും അവർ പറഞ്ഞു. സമവായത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയായതിനാൽ ഒരു അംഗരാജ്യത്തിന് പോലും അന്തിമ സംയുക്ത പ്രഖ്യാപനം തടയാനാകും.

തന്ത്രപരമായ സന്തുലനം നിലനിർത്തിക്കൊണ്ട്, സാമ്പത്തിക വളർച്ചയ്ക്കുള്ള പരസ്പരപൂരക ശക്തിയായി ബ്രിക്സിനെ മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം വ്യാപാരം, ഊർജം തുടങ്ങിയ മേഖലകളിൽ അമെരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ആശങ്കകൾ കൂടി കണക്കിലെടുത്താകും ഇന്ത്യ നിലപാട് സ്വീകരിക്കുക.

ബ്രിക്സ് അധ്യക്ഷ രാജ്യമെന്ന നിലയിൽ ഗ്ലോബൽ സൗത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്. ഭക്ഷണം, ഊർജം, വിതരണ ശൃംഖല എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക നടപടികൾക്കാണ് ഇന്ത്യ ഊന്നൽ നൽകുന്നത്. സംഘർഷങ്ങൾ മൂലം വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്, ലോക വ്യാപാര സംഘടന ഡയറക്റ്റർ ജനറൽ എൻഗോസി ഒകോൻജോ-ഇവേയാല, ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ന്യൂ ഡെവലപ്‌മെന്‍റ് ബാങ്ക് പ്രസിഡന്‍റ് ദിൽമ റൂസഫ്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്ക് മേധാവി സോ ജിയായി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ ബ്രിക്സ് അംഗരാജ്യങ്ങൾക്കായുള്ള അടച്ചിട്ട സമ്മേളനത്തോടെ ഉച്ചകോടിക്ക് തുടക്കമായി. ‘ആഗോള ഭരണവും ബഹുമുഖത്വം ശക്തിപ്പെടുത്തലും’ എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. തുടർന്ന് നേതാക്കൾ ‘ഭാരത് ഇന്നൊവേറ്റ്സ്’ പ്രദർശനം സന്ദർശിച്ചു. ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിന്‍റെ പുൽത്തകിടിയിൽ കുടുംബചിത്രത്തിനും സംയുക്ത വൃക്ഷത്തൈ നടീൽ ചടങ്ങിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴവിരുന്നോടെ ആദ്യദിന പരിപാടികൾ അവസാനിക്കും.

ലോക ജനസംഖ്യയുടെ ഏകദേശം 49.5 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനത്തോളവും ആഗോള വ്യാപാരത്തിന്‍റെ 26 ശതമാനത്തോളവും ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നുണ്ട്. ഇന്ത്യ നാലാം തവണയാണ് ബ്രിക്സ് അധ്യക്ഷപദവി വഹിക്കുന്നത്. 2012, 2016, 2021 വർഷങ്ങളിലും ഇന്ത്യ അധ്യക്ഷപദവി വഹിച്ചിരുന്നു. 2026 ജനുവരി ഒന്നിനാണ് ഇന്ത്യ നാലാം തവണ അധ്യക്ഷപദവി ഏറ്റെടുത്തത്.

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

നവ്ദീപ് സൈനിയുടെ ബൗൺസറിൽ ഇഷാൻ കിഷന് പരുക്ക്; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത‍്യയ്ക്ക് തിരിച്ചടി

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ