സുപ്രധാന നീക്കവുമായി നിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യം നേരിടുന്ന ഫോസിൽ ഇന്ധനങ്ങളുടെ അമിത ഇറക്കുമതിച്ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ സുപ്രധാന വിവരം അറിയിച്ചത്. ഡീസലിലേക്ക് നേരിട്ട് എഥനോൾ കലർത്തുന്നതിലെ സാങ്കേതിക തടസങ്ങൾ മറികടക്കാനാണ് എഥനോളിൽ നിന്ന് ഐസോബ്യൂട്ടനോൾ ഉൽപാദിപ്പിക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചത്.
രാജ്യത്തെ ഊർജസ്വയംപര്യാപ്തതയിലേയ്ക്കും പുക മലിനീകരണം കുറയ്ക്കുന്നതിലേയ്ക്കും ഉള്ള വലിയൊരു ചുവടുവയ്പായിരിക്കും ഈ പുതിയ ഹരിത ഇന്ധനമെന്ന് മന്ത്രി വ്യക്തമാക്കി.സാങ്കേതിക വിദ്യയുടെ ഭാഗമായി നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വൻ വിജയമായിരുന്നു.
നൂറു ശതമാനം എഥനോളിലും ഐസോബ്യൂട്ടനോളിലും പ്രവർത്തിക്കുന്ന രണ്ട് ജനറേറ്റർ സെറ്റുകൾ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഈ ഇന്ധനങ്ങൾ ഉപയോഗിച്ച് ഭാവിയിൽ മികച്ച എൻജിനുകൾ നിർമിക്കാൻ സാധിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. പരമ്പരാഗത ജൈവ ഇന്ധനങ്ങളെ അപേക്ഷിച്ച് ഐസോബ്യൂട്ടനോളിന് ഊർ സാന്ദ്രത വളരെ കൂടുതലാണ്.
നിലവിലുള്ള എൻജിനുകളുമായി വളരെ എളുപ്പത്തിൽ പൊരുത്തപ്പെടുന്ന രീതിയിലാണ് ഇതിന്‍റെ ഘടന. അന്തരീക്ഷ മലിനീകരണവും പുകപടലങ്ങളും ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്കായി രാജ്യം ചെലവിടുന്ന ഭീമമായ തുക ലാഭിക്കാൻ ഈ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കു കൂട്ടുന്നത്.