ചൈനീസ് റോബോട്ടുമായെത്തി നാണം കെട്ട് യുപി സർവകലാശാല; എഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

 
India

ചൈനീസ് റോബോട്ടുമായെത്തി നാണം കെട്ട് യുപി സർവകലാശാല; എഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

തുടക്കത്തിൽ മുടന്തൻ ന്യായവാദങ്ങളുമായി രംഗത്തെത്തിയെങ്കിലും പ്രദർശന സ്റ്റാളിലേക്കുള്ള വൈദ്യുതി സംഘാടകർ വിച്ഛേദിച്ചതോടെ യൂണിവേഴ്സിറ്റി മാപ്പു പറഞ്ഞു

നീതു ചന്ദ്രൻ

ന്യൂഡൽഹി: ചൈനീസ് റോബോട്ടിനെ സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടു പ്രദർശിപ്പിച്ച യുപി സർവകലാശാലയെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ നിന്നു പുറത്താക്കി. ഗ്രേറ്റർ നോയിഡ ആസ്ഥാനമായ ഗൽഗോട്ടിയ സർവകലാശാലയാണ് രാജ്യത്തിനാകെ അപമാനമായത്. തങ്ങളുടെ സെന്‍റർ ഒഫ് എക്സലൻസ് വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ഒറിയോൺ എന്നു പേരിട്ട ഒരു റോബോട്ടിക് നായയെ യൂണിവേഴ്സിറ്റി പ്രതിനിധി കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു.

എന്നാൽ, ചൈനയുടെ യുനിട്രീ റോബോട്ടിക്സ് നിർമിച്ച നായയാണിതെന്നും വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് ഇതെന്നും സമൂഹമാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു. തുടക്കത്തിൽ മുടന്തൻ ന്യായവാദങ്ങളുമായി രംഗത്തെത്തിയെങ്കിലും പ്രദർശന സ്റ്റാളിലേക്കുള്ള വൈദ്യുതി സംഘാടകർ വിച്ഛേദിച്ചതോടെ യൂണിവേഴ്സിറ്റി മാപ്പു പറഞ്ഞു. തൊട്ടുപിന്നാലെ ഗൽഗോട്ടിയ വാഴ്സിറ്റിയെ പ്രദർശനത്തിൽ നിന്നു പുറത്താക്കിയതായി ഐടി സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു. ഇത്തരം പ്രദർശനങ്ങൾ തുടരുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം.

ഗൽഗോട്ടിയ സർവകലാശാലയുടെ സ്കൂൾ ഒഫ് മാനെജ്മെന്‍റിലെ കമ്യൂണിക്കേഷൻ വിഭാഗം അധ്യാപിക നേഹ സിങ് , ദൂരദർശനു മുന്നിൽ ഒറിയോൺ എന്ന റോബോട്ടിക് നായയെ പ്രദർശിപ്പിച്ചതോടെയാണ് വിവാദത്തിനു തുടക്കം. ഇതു ചൈനീസ് റോബോട്ടാണെന്നു ചൂണ്ടിക്കാണിച്ചപ്പോൾ ഒരാളുടെ "6' മറ്റൊരാൾക്ക് "9' ആയി തോന്നാമെന്നായിരുന്നു നേഹയുടെ വാദം. എന്നാൽ, പ്രദർശന സാമഗ്രികളുടെ നിർമാണ പശ്ചാത്തലം നേഹയ്ക്ക് അറിയില്ലായിരുന്നെന്നും ക്യാമറ കണ്ടപ്പോഴുള്ള ആവേശത്തിൽ അവർക്കു സംഭവിച്ച നാക്കുപിഴയാണ് വിവാദത്തിനിടയാക്കിയതെന്നും യൂണിവേഴ്സിറ്റി അവകാശപ്പെട്ടു. തന്‍റെ വിശദീകരണത്തിലെ പിഴവാണു പ്രശ്നമുണ്ടാക്കിയതെന്നു നേഹയും പറഞ്ഞു. ഇന്ത്യയുടെ പ്രതിഭയും ഡേറ്റകളും പ്രദർശിപ്പിക്കുന്നതിനു പകരം ചൈനീസ് ഉത്പന്നങ്ങളുടെ പ്രദർശനവും കുഴമറിഞ്ഞ പിആർ പ്രചാരണവുമായി ഉച്ചകോടി മാറിയെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്