സിജെപി
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം തിങ്കളാഴ്ചയോടെ തുടര്‍ച്ചയായ മൂന്നാംദിവസത്തിലേക്ക് കടന്നു. ജന്തര്‍ മന്ദറിലാണ് സമരം നടക്കുന്നത്.
ശനിയാഴ്ചയാണ് സമരം ആരംഭിച്ചത്. പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്ന് സമരം നീളുകയായിരുന്നു. കര്‍ഷക സംഘടനകളോടും പൊതുജനങ്ങളോളും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രസംഗങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ സമരവേദിയില്‍ അരങ്ങേറുന്നുണ്ട്.
വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് അഭിജിത് ദീപ്‌കെ വീണ്ടും ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അഭിജിത് ഉന്നയിച്ചു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ജന്തര്‍ മന്ദറിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെ കനത്ത കാവലിലാണ് ജന്തര്‍ മന്ദര്‍. പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശനം തടയരുതെന്നും ശൗചാലയങ്ങളില്‍ വെള്ളത്തിന്റെ വിതരണം പുനസ്ഥാപിക്കണമെന്നും അഭിജിത് ആവശ്യപ്പെട്ടിരുന്നു. സമരം പൊളിക്കാന്‍ അധികൃതര്‍ അടിസ്ഥാനസൗകര്യങ്ങള്‍ തടസപ്പെടുത്തുന്നുവെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നാണ് സിജെപി പറയുന്നു. തിങ്കളാഴ്ച പകല്‍ കര്‍ഷക സംഘടനകള്‍ സമരത്തില്‍ പങ്കുചേരാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.