ജയറാം രമേശ്
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാർഥികളുടെ പ്രതീക്ഷകളെ തകർത്ത അയോഗ്യനും സ്ഥിരമായി നുണ പറയുന്ന വ്യക്തിയുമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. മന്ത്രിയുടെ പ്രവർത്തനങ്ങളുടെ സമഗ്രമായ കണക്ക് ഉടൻ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച ധർമേന്ദ്ര പ്രധാന് മറുപടിയായാണ് ജയറാം രമേശിന്‍റെ പ്രതികരണം.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകൾ തകർത്തിട്ടും മന്ത്രി രാജിവെക്കാൻ തയ്യാറാകുന്നില്ലെന്നും പകരം സമൂഹമാധ്യമങ്ങളിലൂടെ അഹങ്കാരവും ബാലിശമായ രാഷ്ട്രീയവും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെടുന്നത് ഒരു വിഷയത്തിന്‍റെ പേരിലല്ലെന്നും, വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലയളവിൽ ഉണ്ടായ നിരവധി വീഴ്ചകളും അഴിമതികളും അതിന് കാരണമായതാണെന്നും ജയറാം രമേശ് പറഞ്ഞു.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തുടർച്ചയായ പരാജയങ്ങൾ, 2024ലെ ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷ റദ്ദാക്കലുകളും, 2026ലെ നീറ്റ്-യുജി, യുജിസി-നെറ്റ് സോഷ്യോളജി പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.