ശ്രീനഗർ: കശ്മീരിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. 10 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നത് മുന്നിൽ കണ്ടാണ് ഈ നീക്കം. തൂക്കുസഭ അധികാരത്തിലെത്തിയാൽ സ്വതന്ത്രരുടെ നിലപാട് നിർണായകമായേക്കും. ഇത് മുന്നിൽ കണ്ടാണ് ബിജെപിക്ക് മുന്നേ കോൺഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം.
നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ജമ്മു കാശ്മീർ ലഫ്. ഗവർണറുടെ അധികാരം വോട്ടെണ്ണലിനു മുന്നോടിയായി വൻ തർക്കത്തിന് വഴിയൊരുക്കിയിരുന്നു. ജനഹിതത്തെ അട്ടിമറിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് നാഷനൽ കോൺഫറൻസ് (എൻസി) അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചത്. ഗവർണർ മനോജ് സിൻഹയ്ക്ക് പ്രത‍്യേക അധികാരം നൽകിയത് ബിജെപിയെ സർക്കാർ രൂപീകരണത്തിൽ സഹായിക്കാനാണെന്നാണ് പ്രധാന വിമർശനം.