സുധ രാമകൃഷ്ണൻ
ന്യൂഡൽഹി: പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണന്‍റെ സ്വർണ മാല മോഷണം പോയതായി പരാതി. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ തമിഴ്നാട് ഭവന് സമീപത്തു വച്ചായിരുന്നു സംഭവം.
ഡൽഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് എംപി കത്തയച്ചു. ഒരു പാർലമെന്‍റ് അംഗത്തിന് പോലും ഇത്ര സുരക്ഷിതമായ മേഖലയിൽ പോലും സുരക്ഷിതത്വമില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ എംപി പറയുന്നു വ്യക്തമാക്കി.
സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എംപിയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. മാത്രമല്ല, പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സുധ രാമകൃഷ്ണന്‍റെ വസ്ത്രവും കീറിയിട്ടുണ്ട്.
തമിഴ്‌നാട് ഭവനിൽ നിന്ന് സുധയും മറ്റൊരു വനിതാ പാർലമെന്‍റേറിയൻ രാജാത്തിയും പതിവ് നടത്തത്തിനായി ഇറങ്ങിയപ്പോഴായിരുന്നു സംഭവം. മുഖം പൂർണമായും മറച്ച ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ മോഷ്ടാവ് സുധയ്ക്ക് സമീപമെത്തി ഉടൻ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇയാളുടെ മുഖം ആരും കണ്ടിട്ടില്ലാത്തതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.