രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇടവേളയ്ക്ക് ശേഷം വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്‌നാം യാത്ര. ഹോളി ആഘോഷത്തിന്‍റെ സമയത്ത് രാഹുൽ വിയറ്റ്നാമിൽ ആയിരുന്നുവെന്നാണ് ബിജെപിയുടെ പുതിയ ആരോപണം. ഇത്തരം രഹസ്യ യാത്രകൾ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നും ബിജെപി ആരോപിക്കുന്നു. ബിജെപി ദേശിയ ഐടി സെൽ മേധാവി അമിത് മാളവ്യ ഇക്കാര്യം പരാമർശിച്ചു കൊണ്ട് എക്സിൽ പോസ്റ്റ് പങ്കിട്ടു. രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവ് എന്ന നിർണായക സ്ഥാനം വഹിച്ചു കൊണ്ടിരിക്കേ അസംഖ്യം വിദേശയാത്രകളാണ് രാഹുൽ നടത്തുന്നത്.
പാർലമെന്‍റ് സെഷൻ നടക്കുമ്പോൾ ഇത്തരം രഹസ്യ യാത്രകൾ നടത്തുന്നുവെന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കുറിച്ചു. ബിജെപി നേതാവ് രവി ശങ്കർ പ്രസാദും രാഹുലിനെ വിമർശിച്ചു. ന്യൂയർ ആഘോഷത്തിനായി ജനുവരിയിൽ വിയറ്റ്നാമിൽ പോയതിനു പിന്നാലെ ഹോളിക്കാലത്തും രാഹുൽ വിയറ്റ്നാം സന്ദർശിച്ചുവെന്നാണ് കേട്ടു കേൾവി.
സ്വന്തം മണ്ഡലത്തിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം അദ്ദേഹം വിയറ്റ്നാമിൽ ആണ് ചെലവഴിക്കുന്നത്. ഇടയ്ക്കിടെയുള്ള ഈ യാത്രകൾ ജിജ്ഞാസയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്‍റെ മരണ ശേഷം രാജ്യം ദുഃഖമാചരിക്കുന്ന സമയത്തും രാഹുൽ വിയറ്റ്നാം യാത്ര നടത്തിയിരുന്നു. ഇതും പരക്കെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക മാതൃകയെക്കുറിച്ചുള്ള പഠനത്തിനായാണ് അദ്ദേഹം വിദേശയാത്ര നടത്തിയതെന്നാണ് കോൺഗ്രസ് അന്ന് പ്രതികരിച്ചത്.