കഫ് സിറപ്പ് കുടിച്ച് 11 കുട്ടികൾ മരിച്ച സംഭവം; ഡോക്റ്റർ അറസ്റ്റിൽ
representative image
ജയ്പൂർ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഒരു ഡോക്റ്ററെ അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രവീൺ സോണി എന്ന ഡോക്ടർ നിരവധി കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദേശിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സിറപ്പിൽ മായം കലർന്നിട്ടുണ്ടെന്ന് സംശയിക്കുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട് ആസ്ഥാനമായുള്ള മരുന്ന് നിർമാതാക്കളായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിനും ഒരു പ്രാദേശിക ശിശുരോഗ വിദഗ്ദ്ധനുമെതിരേ മധ്യപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ചിന്ദ്വാര ജില്ലയിലെ പരാസിയ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ടിഒഐ റിപ്പോർട്ട് കൂട്ടിച്ചേർത്തു.
കഫ് സിറപ്പുകളുടെ ലബോറട്ടറി പരിശോധനയിൽ ആന്‍റിഫ്രീസിലും ബ്രേക്ക് ഫ്ലൂയിഡുകളിലും സാധാരണയായി ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ കഫ്സിറപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.