ദാമ്പത്യത്തിൽ 'ഒളിഞ്ഞുനോട്ടം' പാടില്ല: പങ്കാളിയുടെ സ്വകാര്യത മാനിക്കണമെന്ന് കോടതി Freepik - Representative image
India

ദാമ്പത്യത്തിൽ 'ഒളിഞ്ഞുനോട്ടം' പാടില്ല: പങ്കാളിയുടെ സ്വകാര്യത മാനിക്കണമെന്ന് കോടതി

ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്നും പങ്കാളിയുടെ സ്വകാര്യതയില്‍ ഒളിഞ്ഞു കയറി ശേഖരിക്കുന്ന വിവരങ്ങള്‍ സ്വീകരിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി

MV Desk

ചെന്നൈ: ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്നും പങ്കാളിയുടെ സ്വകാര്യതയില്‍ ഒളിഞ്ഞു കയറി ശേഖരിക്കുന്ന വിവരങ്ങള്‍ സ്വീകരിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്വകാര്യത മൗലികാവകാശമാണെന്ന് പറയുമ്പോള്‍ അതില്‍ ദാമ്പത്യ ബന്ധത്തിലെ സ്വകാര്യതയും ഉള്‍പ്പെടും. പങ്കാളികളിലൊരാള്‍ മറ്റേയാളുടെ സ്വകാര്യതയിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ സ്വകാര്യത ലംഘിച്ചു കൈവശപ്പെടുത്തിയ വിവരങ്ങള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ ബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്.

ഇണകള്‍ക്ക് പരസ്പരം പരോക്ഷവും പൂര്‍ണവുമായ വിശ്വാസം ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്ക് അവരുടേതായ സ്വയംഭരണാധികാരമുണ്ട്. തങ്ങളുടെ സ്വകാര്യ ഇടം കൈയേറിയിട്ടില്ലെന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പരസ്പര വിശ്വാസമാണ് ദാമ്പത്യത്തിലെ ആണിക്കല്ലെന്നും ഒരാള്‍ മറ്റൊരാളുടെ കാര്യങ്ങള്‍ ഒളിഞ്ഞുനോക്കാന്‍ തുടങ്ങുമ്പോള്‍ ഈ വിശ്വാസമാണ് തകരുന്നതെന്നും കോടതി പറഞ്ഞു.

രണ്ടുമക്കളുടെ അച്ഛനായ യുവാവ് വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ചോര്‍ന്നത്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഇത് തെളിയിക്കാനാണ് ഫോണ്‍ സംഭാഷണ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയത്.

താനറിയാതെ ശേഖരിച്ച വിവരങ്ങള്‍ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരത്തെ പരമകുടി കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളി. അതിനെതിരേയാണ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്.

"പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാൻ"; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ട്, പിന്നെന്തിന് കോർപ്പറേഷൻ കെട്ടിടത്തിൽ തുടരണം; പ്രശാന്ത് എംഎൽഎക്കെതിരേ ശബരീനാഥൻ

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 200 ഓളം വിമാന സർവീസുകൾ വൈകി, 6 വിമാനങ്ങൾ റദ്ദാക്കി

മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

ടാറ്റാനഗർ - എറണാകുളം എക്‌സ്പ്രസ് ട്രെ‍യിനിലെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു; ഒരു മരണം