റിങ്കു സിങ്, പ്രിയ സരോജ്
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജ് ആണ് വധു. ജൂൺ 8ന് ലഖ്നൗവിൽ വച്ചാണ് വിവാഹനിശ്ചയം. പ്രിയയുടെ അച്ഛനും സമാജ്‌വാദി എംഎൽഎയുമായ തുഫാനി സരോജാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. റിങ്കുവിനും പ്രിയയ്ക്കും ഒരു വർഷത്തോളമായി പരസ്പരം അറിയാം. അവർക്ക് പരസ്പരം ഇഷ്ടമാണ്.
പക്ഷേ വിവാഹത്തിനായി ഇരുവരും കുടുംബങ്ങളുടെ സമ്മതം ആവശ്യപ്പെട്ടിരുന്നു. രണ്ട് വീട്ടുകാരും അവരുടെ വിവാഹത്തിന് അനുവാദം നൽകിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാഹനിശ്ചയത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ.
വിവാഹം നവംബർ 18ന് വാരാണസിയിലെ താജ് ഹോട്ടലിൽ വച്ച് ആഘോഷമായി നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
വാരാണസിയിലെ കാർഖിയവോണാണ് പ്രിയയുടെ ജന്മനാട്. 2024ലെ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മച്ച്ലിഷാഹ്ർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി എന്ന പദവിയും പ്രിയയ്ക്ക് ലഭിച്ചിരുന്നു. സുപ്രീം കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്തിരുന്ന പ്രിയ നോയിഡയിലെ അമിറ്റി സർവകലാശാലയിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്.