'ശക്തി' ചുഴലിക്കാറ്റ്; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത, ഗുജറാത്തിലും മുന്നറിയിപ്പ്
മുംബൈ: അറബിക്കടലിൽ രൂപപ്പെട്ട ശക്തി ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്റ്റോബർ 4 നും 7 നും ഇടയിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്നും കരതൊടുമെന്നുമാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.
വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിലാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. തീരദേശ, ഉൾനാടൻ ജില്ലകളെ ഇത് സാരമായി ബാധിക്കും. മഹാരാഷ്ട്രക്ക് പുറമേ ഗുജറാത്തിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൺസൂണിനു ശേഷം അറബിക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റാണ് ശക്തി ചുഴലിക്കാറ്റ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കുമെന്നാണ് കലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.