ദളിതർ പ്രവേശിച്ചതിൽ പ്രതിഷേധം; കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മാറ്റി 
India

ദളിതർ പ്രവേശിച്ചതിൽ പ്രതിഷേധം; കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മാറ്റി

കുറേ കാലം മുൻ‌പേ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നതിനെതിരേ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു.

മാണ്ഡ്യ: ദളിതർക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതിനു പിന്നാലെ കർണാടകയിലെ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മാറ്റി സ്ഥാപിച്ച് ഒരു വിഭാഗം ഗ്രാമീണർ. മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഇതാദ്യമായാണ് ക്ഷേത്രത്തിൽ ദളിത് വിഭാഗം പ്രവേശിക്കുന്നത്. തകർന്ന നിലയിലായിരുന്ന ക്ഷേത്രം നവീകരിച്ചിട്ട് അധികകാലമായില്ല.നിലവിൽ സംസ്ഥാനത്തിന്‍റെ റിലീജ്യസ് എൻഡോവ്മെന്‍റ് ഡിപ്പാർട്മെന്‍റിന്‍റെ കീഴിലാണ് ക്ഷേത്രം.പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും അടക്കം ഉള്ള സംഘം നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം അനുവദിക്കാമെന്ന തീരുമാനത്തിലെത്തിയത്.

എന്നാൽ ഒരു വിഭാഗം വിശ്വാസികൾ ഈ തീരുമാനത്തിനെതിരേ രംഗത്തെത്തി. ആചാരങ്ങൾക്കെതിരാണ് പുതിയ തീരുമാനമെന്നാണ് ആരോപണം. ഗ്രാമത്തിൽ ദളിതുകൾക്കായി മറ്റൊരു ക്ഷേത്രം നിർമിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. ഇതേ തുടർന്നാണ് പ്രതിഷേധകാരികൾ ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ക്ഷേത്രത്തിനു വേണ്ടി തങ്ങൾ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. കുറേ കാലം മുൻ‌പേ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നതിനെതിരേ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു.

ഇതേ തുടർന്നാണ് നിരവധി ചർച്ചകൾക്കൊടുവിൽ തീരുമാനമെടുത്തത്. ശനിയാഴ്ച മുതൽ ദളിത് വിഭാഗം ക്ഷേത്രത്തിൽ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവെ തടയുകയായിരുന്നു. ഒടുവിൽ പൊലീസിന്‍റെ സഹായത്തോടെയാണ് ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഇതേ തുടർന്നാണ് ഉത്സവ ദിവസങ്ങളിൽ നഗരം മുഴുവൻ എഴുന്നെള്ളിക്കാറുള്ള ഉത്സമൂർത്തി വിഗ്രഹമാണ് മാറ്റി വച്ചിരിക്കുന്നത്. മുൻ എംഎൽഎ എം. ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ അടുത്തിടെയാണ് ക്ഷേത്രം പുനർനവീകരിച്ചത്.വാക്കുതർക്കം മൂലം മണിക്കൂറുകളോളം ക്ഷേത്രം അടച്ചിട്ടു. പിന്നീട് ക്ഷേത്രം തുറന്ന് ചടങ്ങുകൾ പൂർത്തിയാക്കി. സംഘർഷം ഒഴിവാക്കാൻ ക്ഷേത്രത്തിൽ പൊലീസിനെ വിന്യസിച്ചിരുന്നു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം