India

കാലുമാറ്റക്കാർക്ക് സമ്മിശ്ര ഫലം

ജഗദീഷ് ഷെട്ടാർ തോറ്റു, ലക്ഷ്മൺ സാവദി ജയിച്ചു

ബെംഗളൂരു: തെരഞ്ഞെടുപ്പിന്‍റെ പടിവാതിലിൽ കൂറുമാറ്റത്തിന്‍റെ രാഷ്ട്രീയചുവടുകൾ പയറ്റിയവർക്കു ജയവും തോൽവിയും സമ്മാനിച്ച് കർണാടക. സീറ്റ് നിഷേധിച്ചതിനെ തുടർന്നു ബിജെപിയിൽ നിന്നു കോൺഗ്രസിലേക്കു ചുവടുമാറിയ കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനു തോൽവി. അതേസമയം സമാനപാതയിൽ അത്തണിയിൽ മത്സരിച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഏറെ രാഷ്ട്രീയ ചർച്ചകൾക്കു വഴിവച്ചതായിരുന്നു ഷെട്ടാറിന്‍റെയും സാവദിയുടെയും കൂറുമാറ്റം.

തുടർച്ചയായ മൂന്നു വർഷം വിജയം നുണഞ്ഞ ഹുബ്ബള്ളി ധാർവാർഡ് മണ്ഡലത്തിൽ 36,000ൽ പരം വോട്ടുകൾക്കാണു ഷെട്ടാറിന്‍റെ തോൽവി. ബിജെപിയുടെ മഹേഷ് തെൻഗിനക്കായിയാണു മുൻ മുഖ്യമന്ത്രിയെ തോൽപിച്ചത്. ബിജെപി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയാണു ഹുബ്ബള്ളിയിൽ ഷെട്ടാർ ജനവിധി തേടിയത്. മുതിർന്ന നേതാവായ ഷെട്ടാർ കോൺഗ്രസിൽ ചേർന്നതിനോട് വളരെ ശക്തമായിത്തന്നെ ബിജെപി പ്രതികരിച്ചിരുന്നു. അതേസമയം അഴിമതി നടത്താത്ത വ്യക്തി ആയതിനാലാണു ബിജെപി സീറ്റ് നൽകാതിരുന്നതെന്ന പരിഹാസവുമായി രാഹുൽ ഗാന്ധിയും ഷെട്ടാറിനെ പിന്തുണച്ചെത്തി. എന്നാൽ പിന്തുണകൾക്കൊന്നും രക്ഷിക്കാനാവാതെ കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണു ഷെട്ടാർ.

അത്തണി സീറ്റിൽ നിന്നും 75,000ൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണു കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുൻ ബിജെപി നേതാവുമായ ലക്ഷ്മൺ സാവദി കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു കയറുന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നു കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്ന സാവദിയുടെ എതിർസ്ഥാനാർഥി ബിജെപിയുടെ മഹേഷ് കുമതള്ളിയായിരുന്നു. കൂറുമാറ്റക്കാരെ ഒരേസമയം തുണച്ചും തെറിപ്പിച്ചുമുള്ള ഫലങ്ങളാണു കർണാടക തെരഞ്ഞെടുപ്പിൽ പുറത്തുവരുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു