ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ; 400 കടന്ന് വായു ഗുണനിലവാര സൂചിക
ന്യൂഡൽഹി: ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ രേഖപ്പെടുത്തിയ വായു ഗുണനിവാര സൂചിക (AQI) 421 ആണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മിക്ക ഭാഗങ്ങളിലും അപകടകരമായ മലിനീകരണ തോതാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബവാനയിൽ 462 എന്ന ഏറ്റവും മോശം വായു ഗുണനിലവാര സൂചികയും, ആർകെ പുരം, പട്പർഗഞ്ച് എന്നിവിടങ്ങളിൽ യഥാക്രമം 446 ഉം 438 ഉം രേഖപ്പെടുത്തി. ഡൽഹിയിലെ ഏറ്റവും മലിനമായ മറ്റ് പ്രദേശങ്ങളിൽ ആനന്ദ് വിഹാർ 412 ഉം, അലിപൂരിൽ 442 ഉം, ചാന്ദ്‌നി ചൗക്കിൽ 416 എന്ന AQI ഉം രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തെ AQI ലെവലുകൾ തിങ്കളാഴ്ചയേക്കാൾ നേരിയ തോതിൽ വർധനവുണ്ടായിട്ടുണ്ട്.
സിപിസിബിയുടെ കണക്കനുസരിച്ച്, 0 നും 50 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക 'നല്ലത്', 51-100 'തൃപ്തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.