ഡൽഹി സ്ഫോടനത്തിനു കാരണമായതെന്നു കരുതുന്ന ഹ്യുണ്ടായ് ഐ20 കാർ.
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനക്കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. സംഭവസ്ഥലത്തു കണ്ട ഐ20 കാറും, സ്ഫോടനം നടന്ന സമയത്ത് അതിലുണ്ടായിരുന്ന മൂന്ന് പേരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഈ കണ്ടെത്തൽ, സ്ഫോടനം ഒരു ചാവേർ (ഫിദായീൻ) ആക്രമണമാകാനുള്ള സാധ്യത നിരാകരിക്കാൻ കാരണമാകുന്നു.
കാറിന്‍റെ അവസാന ഉടമ പുൽവാമ സ്വദേശിയാണ് എന്നതാണ് ചാവേർ ആക്രമണം എന്ന നിഗമനത്തിലേക്ക് ഉദ്യോഗസ്ഥരെ ആദ്യം നയിക്കുന്നത്. എന്നാൽ, ഒന്നിലധികം പേർ കാറിലുണ്ടായിരുന്നു എന്ന സിസിടിവി ഫുട്ടേജിൽനിന്നും ഫൊറൻസിക് വിവരങ്ങളിൽനിന്നും സൂചന ലഭിച്ചു. ഗതാഗതക്കുരുക്കിൽ വേഗം കുറച്ച് ഓടുന്ന കാറിൽ വച്ച് ഒരു സംഘം ആളുകൾ ഒരുമിച്ച് ചാവേർ ആക്രമണം നടത്താൻ സാധ്യത തീരെ കുറവാണെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
മറ്റേതെങ്കിലും ലക്ഷ്യത്തിൽ സ്ഫോടനം നടത്താൻ കൊണ്ടുപോയിരുന്ന കാർ ചെങ്കോട്ടയ്ക്കടുത്ത് വച്ച് അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ എന്നും ഇപ്പോൾ സംശയം ഉയർന്നിട്ടുണ്ട്.
കാറിൽ സ്ഫോടക വസ്തുക്കളുണ്ടെന്ന് യാത്രക്കാർ അറിയാതിരിക്കാം; അല്ലെങ്കിൽ മറ്റൊരു വലിയ പദ്ധതിയുടെ ഭാഗമായ ചെറുസംഘം മാത്രമായിരുന്നു ഇവർ; അതുമല്ലെങ്കിൽ, കാറിലുണ്ടായിരുന്നവർ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സമയത്ത് അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാവാം എന്നിങ്ങനെയുള്ള സാധ്യതകളും പരിശോധിക്കപ്പെടുന്നു.
അതേസമയം, ചരിത്രപ്രസിദ്ധമായ ചെങ്കോട്ട പോലൊരു സ്ഥലത്തു തന്നെ സ്ഫോടനം നടത്തിയത് ബോധപൂർവമായിരിക്കാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനും സാധിക്കില്ല.