നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം സ്വീകരിക്കാതെ ഡൽഹി കോടതി
ന‍്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കാതെ ഡൽഹി കോടതി. അന്വേഷണം തുടരണമെന്ന് പറഞ്ഞ കോടതി കുറ്റപത്രത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
കേസിൽ എഫ്ഐആർ എടുത്തിട്ടില്ലെന്നും ഇത് പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി നിർദേശം നൽകി. ഏപ്രിൽ 15നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ഇഡി കുറ്റപത്രം സമർപ്പിച്ചത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ഇരുവർക്കുമെതിരേ ആരോപണമുയർന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടിയുടെ ലാഭം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തമാക്കിയെന്ന് ഡൽഹി റോസ് അവന‍്യൂ കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ആരോപിച്ചിരുന്നു.