ഡൽഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനമുണ്ടായ പ്രദേശം.
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ചെങ്കോട്ടയിലെ മെട്രൊ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന കാറിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ 13 പേർ മരിച്ചു. അമ്പതോളം പേർക്കു പരുക്ക്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരം. ഇവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. മെട്രൊ സ്റ്റേഷന്‍റെ ഒന്നാം ഗേറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന കാറാണു പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ആഘാതത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. ആറു കാറുകളും രണ്ട് ഇ റിക്ഷകളും ഒരു ഓട്ടൊറിക്ഷയും പൂർണമായി കത്തിയമർന്നു.
മൂന്നു ഡോക്റ്റർമാർ ഉൾപ്പെടുന്ന വൻ ഭീകരശൃംഖലയിലെ എട്ടു കണ്ണികൾ അറസ്റ്റിലാകുകയും 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണു സ്ഫോടനം. രാസായുധാക്രമണത്തിന് പദ്ധതിയിട്ട ഭീകരർ ഞായറാഴ്ച ഗുജറാത്തിൽ അറസ്റ്റിലായിരുന്നു.
ചെങ്കോട്ടയിലേതു ഭീകരാക്രമണമെന്ന സൂചനകളാണു സുരക്ഷാ ഏജൻസികൾ നൽകുന്നത്. ഒരു കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടു. സ്ഫോടനമുണ്ടായ കാർ 150 മീറ്റർ അകലേക്കു തെറിച്ചുവീണു. തെരുവുവിളക്കുകൾ പൊട്ടിച്ചിതറി. വലിയ തീഗോളം ഉയരുന്നതു കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. തെളിവുകൾ പരമാവധി ശേഖരിക്കാൻ ഇവിടെ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു ബാരിക്കേഡ് സ്ഥാപിച്ചു. മെട്രൊ സ്റ്റേഷനിലും സമീപത്തും സ്ഥാപിച്ചിരിക്കുന്ന മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയാണ് പൊലീസ്. ഒരാളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ചെങ്കോട്ട സ്ഫോടനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. നേരത്തേ, ഡൽഹി പൊലീസ് മേധാവിയും ഇന്‍റലിജൻസ് ബ്യൂറോ മേധാവിയും അമിത് ഷായുമായി സംസാരിച്ചിരുന്നു. എൻഐഎ, എൻഎസ്ജി, ഫൊറൻസിക് സയൻസ് തുടങ്ങിയ ഏജൻസികളിലെ വിദഗ്ധരുടെ സംഘം തെളിവുശേഖരണത്തിൽ പൊലീസിനെ സഹായിക്കാൻ അമിത് ഷാ നിർദേശിച്ചു.
ഡൽഹിയിലെ ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തിന്‍റെ ദൃശ്യം.
മുംബൈയും ലക്നൗവുമടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്രം നിർദേശിച്ചു. ഇന്‍റലിജൻസ് ഏജൻസികളോടും നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകി.
ഡൽഹിയിലെ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ചൊവ്വാഴ്ച അടച്ചിടാനും നിർദേശമുണ്ട്. അതേസമയം, കൊണാട്ട് പ്ലേസിലേതടക്കം പാർക്കിങ് മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറുകളുണ്ടെന്നും ഇതുവലിയ സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുവെന്നും വ്യാപാരികൾ പറഞ്ഞു.