ഉമർ നബി
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനക്കേസിലെ മുഖ‍്യ പ്രതിയായ ഡോ. ഉമർ നബി ബോംബ് നിർമാണ സാമഗ്രികൾ കൂടെ കൊണ്ടു നടന്നിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് മൊഴി ലഭിച്ചു.
തന്‍റെ ഐ20 കാറിൽ ഉമർ നബി ഒരു സ‍്യൂട്ട്കേസ് കൊണ്ടു നടന്നിരുന്നതായും പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് ആയിരുന്നു അതിൽ സൂക്ഷിച്ചിരുന്നതെന്നുമാണ് പുറത്തു വരുന്ന വിവരം.
ബോംബ് നിർമിക്കുന്നതിനായി നെയിൽ പോളിഷ് റിമൂവർ, പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചിരുന്നുവെന്നും സൂചനകളുണ്ട്. കശ്മീരിൽ വൻ ആക്രമണം നടത്താനായിരുന്നു സംഘത്തിന്‍റെ ലക്ഷ‍്യം. ഇതു സംബന്ധിച്ച് എൻഐയ്ക്ക് വിവരം ലഭിച്ചതായാണ് സൂചന. ഹരിയാനയിൽ നിന്നും ശേഖരിച്ച സ്ഫോടക വസ്തുക്കൾ കശ്മീരിലേക്ക് കടത്താനായിരുന്നു പദ്ധതിയെങ്കിലും അതിന് സാധിച്ചില്ലെന്നാണ് മൊഴിയിൽ പറയുന്നത്.