ധർമസ്ഥല വെളിപ്പെടുത്തൽ; സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി
ബംഗളൂരു: ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മൂന്നാം ദിനവും നടത്തുന്ന തെരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി. സാക്ഷി കാണിച്ചുകൊടുത്ത ആറാമത്തെ പ്രദേശത്തു നിന്ന് അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ടടി താഴ്ചയിൽ നിന്നാണിതു കിട്ടിയത്. മനുഷ്യന്‍റെ അസ്ഥി തന്നെയാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധന നടത്തും.
കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകൾ കൂടിയാണ് ഇനി പരിശോധിക്കാൻ ബാക്കിയുള്ളത്.
ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിൽ തന്നെയാണ്. നാല് പോയന്‍റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടിയിൽലെ സ്വകാര്യ ഭൂമിയിൽ 2 പോയിന്‍റുകളുണ്ടെങ്കിലും അവിടെ കുഴിച്ച് പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടിവരും.