ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദ് ലോക്സഭയിൽ ഇ സിഗരറ്റ് ഉപയോഗിക്കുന്നതായി സൂചന നൽകുന്ന ദൃശ്യങ്ങൾ ബിജെപി നേതാവ് അമിത് മാളവ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒരു തൃണമൂൽ കോൺഗ്രസ് അംഗം സഭയിൽ ഇ സിഗരറ്റ് ഉപയോഗിക്കുന്നതായി ബിജെപി എംപി അനുരാഗ് ഠാക്കുർ കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയിരുന്നു. സഭയിൽ ഈ വിഷയം ഉന്നയിച്ച ഠാക്കുർ ആരാണു സിഗരറ്റ് ഉപയോഗിക്കുന്നതെന്നു വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കീർത്തി ആസാദിനെ പ്രതിക്കൂട്ടിലാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ലോക്സഭയിൽ നിന്നുള്ളതാണു 35 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം. സിഗരറ്റോ ഇ സിഗരറ്റോ ദൃശ്യമല്ലെങ്കിലും വലതുകൈ പുകവലിക്കുന്നതിനു സമാനമായി വായയോടു ചേർക്കുന്നതു കാണാം. പുകവലിയെന്നു തോന്നിപ്പിക്കുന്ന ഭാവമാറ്റവും ദൃശ്യമാണ്.
""പാർലമെന്‍റിൽ പുകവലി നടത്തിയെന്ന് ബിജെപി എംപി അനുരാഗ് താക്കൂർ ആരോപിച്ച തൃണമൂൽ എംപി മറ്റാരുമല്ല, കീർത്തി ആസാദ് ആണ്. അദ്ദേഹത്തെപ്പോലുള്ളവർക്കു മുന്നിൽ നിയമങ്ങൾക്ക് ഒരു അർഥവുമില്ല. സഭയിലായിരിക്കുമ്പോൾ കൈപ്പത്തിയിൽ ഇ സിഗരറ്റ് ഒളിപ്പിച്ചുവച്ച് കാണിക്കുന്ന ധിക്കാരം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ''- മാളവ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.
പുകവലി നിയമവിരുദ്ധമല്ലെങ്കിലും സഭയിൽ പുകവലിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എംപിമാരുടെ പെരുമാറ്റ ദൂഷ്യത്തിന് തൃണമൂൽ നേതാവ് മമത ബാനർജി ഉത്തരം പറയണമെന്നും മാളവ്യ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ഠാക്കുർ തൃണമൂൽ എംപിക്കെതിരേ സഭയിൽ പരാതി ഉന്നയിച്ചത് രേഖാമൂലം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്നു സ്പീക്കർ മറുപടി നൽകിയിരുന്നു. 2019ൽ രാജ്യവ്യാപകമായി ഇ സിഗരറ്റ് ഉപയോഗം നിരോധിച്ചിരുന്നു.