അദീൽ അഹമ്മദ് റാതർ, മുസമ്മിൽ ഷക്കീൽ, ഉമർ മുഹമ്മദ്.

 
India

ഡൽഹിയിൽ ഡോ. ഉമർ നടത്തിയത് 'പാനിക് അറ്റാക്ക്' എന്നു സംശയം

ചാവേർ സ്ഫോടനമെന്നു പ്രാഥമിക നിഗമനം, പിന്നിൽ ഡോക്റ്റർ, അറസ്റ്റിലായവരും ഉന്നത വിദ്യാഭ്യാസം നേടിയവർ: ഞെട്ടിക്കുന്ന 'വൈറ്റ് കോളർ' ഭീകരവാദശൃംഖല

MV Desk

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നടന്ന സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർ ഉന്നത വിദ്യാഭ്യാസം നേടിയ ഡോക്റ്റർമാരാണെന്ന വെളിപ്പെടുത്തൽ രാജ്യത്തെ സുരക്ഷാ ഏജൻസികളെ പോലും അമ്പരപ്പിക്കുന്നു. ചാവേറാക്രമണം നടത്തിയത് എന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദ് ഉൾപ്പെടെയുള്ളവർ 'വൈറ്റ് കോളർ' പ്രൊഫഷണലുകൾ ആണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

ഭീകരാക്രമണം എന്ന വാക്ക് ഔദ്യോഗികമായി ഇന്ത്യ ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിലും, ഈ കേസിൽ ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനുള്ള യുഎപിഎ (UAPA) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ഫോടനത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിരുന്നു.

സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഉമർ ഒരു 'ചാവേർ' ആയി മാറിയത് പരിഭ്രാന്തി കാരണമാണെന്നൊരു സിദ്ധാന്തം ഇപ്പോൾ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഉമറിന്‍റെ രണ്ട് കൂട്ടാളികളായ അദീൽ, മുസമ്മിൽ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ രണ്ടുപേരും ഡോക്റ്റർമാരാണ്. 2,900 കിലോഗ്രാം വരുന്ന ബോംബ് നിർമാണ വസ്തുക്കളും, അത്യാധുനിക എ.കെ. അസോൾട്ട് റൈഫിളുകളും പിസ്റ്റളുകളുമാണ് ഇവരിൽനിന്ന് സുരക്ഷാ ഏജൻസികൾ പിടിച്ചെടുത്തിട്ടുള്ളത്.

കൂട്ടാളികളുടെ അറസ്റ്റും വൻതോതിലുള്ള സ്ഫോടക ശേഖരത്തിന്‍റെ നഷ്ടവും ഉമറിനെ കടുത്ത നിരാശയിലാക്കിയെന്നും, ഈ സാഹചര്യത്തിൽ മറ്റു വഴി കാണാതെ ഉമർ ഒറ്റയ്ക്ക് ആക്രമണ പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ ചാവേർ ആക്രമണം എന്ന വഴി തന്നെ ഇയാൾ തെരഞ്ഞെടുക്കുകയായിരുന്നത്രെ.

ഈ കേസിൽ ഡോക്റ്റർമാർ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളുടെപങ്കാളിത്തം തീവ്രവാദ സംഘടനകൾ റിക്രൂട്ട്‌മെന്‍റ് നടത്തുന്ന രീതിയിൽ വന്ന അടിസ്ഥാനപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അറസ്റ്റിലായവരിൽ ഡോ. അദീൽ അഹമ്മദ് അനന്തനാഗിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറിയ ആളാണ്.

ഡോ. മുസമ്മിൽ ഷക്കീൽ മൂന്ന് വർഷമായി അൽ ഫലാ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ റസിഡന്‍റാണ്. മുസമ്മിലിന്‍റെ സഹപ്രവർത്തകയായ ഡോ. ഷഹീൻ ഷാഹിദിന്‍റെ കാറിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് അവരും അറസ്റ്റിലായിരുന്നു. ഇതോടെയാണ്, പദ്ധതി മാറ്റിയ ഡോ. ഉമർ മുഹമ്മദ് രാജ്യത്തെ നടുക്കിയ ചാവേറാക്രമണത്തിലേക്കുതിരിഞ്ഞതെന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

ഈ 'വൈറ്റ് കോളർ' ഭീകരവാദ സംഘം തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കാനും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, ഫണ്ട് കൈമാറ്റം ചെയ്യാനും ലോജിസ്റ്റിക്സിനുമായി എൻക്രിപ്റ്റഡ് ചാനലുകളാണ് ഉപയോഗിച്ചിരുന്നത് എന്ന് ജമ്മു കശ്മീർ പൊലീസ് പറയുന്നു. സാമൂഹിക പ്രവർത്തനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മറവിൽ പ്രൊഫഷണൽ, അക്കാഡമിക് നെറ്റ്‌വർക്കുകളിലൂടെയാണ് ഇവർ ഫണ്ട് സമാഹരിച്ചിരുന്നത്. തീവ്രവാദ സംഘത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിലും, ബ്രെയിൻ വാഷ് ചെയ്ത് റിക്രൂട്ട് ചെയ്യുന്നതിലും, ഫണ്ട് ശേഖരിക്കുന്നതിലും, ആയുധങ്ങളും ഐഇഡി നിർമാണ വസ്തുക്കളും എത്തിക്കുന്നതിലും പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

ശബരിമല സ്വർണക്കൊള്ള; എൻ. വാസു അറസ്റ്റിൽ

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക്; വഴിമുട്ടി നാട്ടുകാർ

ഡൽഹി സ്ഫോടനം: ചാവേർ സിദ്ധാന്തം പൊളിയുന്നു?

ചെങ്കോട്ട സ്ഫോടനം എൻഐഎ അന്വേഷിക്കും; കേസ് കൈമാറി ആഭ്യന്തര മന്ത്രാലയം

സർക്കാർ ഉദ്യോഗസ്ഥൻ ആർഎസ്എസ് പരിപാടിയിൽ; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ