100 കിലോമീറ്റർ വേഗത്തിൽ പോകുന്നതിനിടെ 'ഗുട്ഖ' തുപ്പാനായി കാർ ഡോർ തുറന്നു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്
ബിലാസ്പുർ: ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഗുട്ഖ തുപ്പാനായി ഡ്രൈവർ കാറിന്‍റെ ഡോർ തുറന്നതിനു പിന്നാലെയുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു. ഛത്തിസ്ഗഡിലെ ബിലാസ്പുരിൽ തിങ്കളാഴ്ചയാണ് സംഭവം. ചകർബാത്തയിൽ നിന്നുള്ള വസ്ത്രവ്യാപാരിയായ ജാക്കി ഗേഹിയാണ് (31) മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇന്നോവയുടെ ഡോർ ഡ്രൈവർ തുറന്നത്.
ഞായറാഴ്ച സുഹൃത്തിന്‍റെ പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം തിരിച്ചു വരുകയായിരുന്നു ജാക്കി. സുഹൃത്തായ ആകാശ് ചന്ദാനി, പങ്കജ് ഛബ്ര എന്നിവരാണ് ജാക്കിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി എത്തിയത്. ആകാശാണ് വാഹനം ഓടിച്ചിരുന്നത്. പങ്കജ് മുൻപിലെ സീറ്റിലും ജാക്കി ബാക് സീറ്റിലുമായിരുന്നു. ബിലാസ്പുർ- റായ്പുർ റോഡിൽ വച്ചാണ് ഗുട്ഖ തുപ്പാനായി ആകാശ് അപ്രതീക്ഷിതമായി ഡോർ തുറന്നത്.
ഉടൻ തന്നെ ഡിവൈഡറിൽ ഇടിച്ച കാർ പല തവണ റോഡിൽ മലക്കം മറിഞ്ഞു. കാറിൽ നിന്ന് തെറിച്ചു വീണ ജാക്കി ഡിവൈഡറിലെ കല്ലിൽ നെഞ്ചും തലയും ഇടിച്ചു വീണു. തൽസമയം തന്നെ മരണം സംഭവിച്ചു. റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇന്നോവ ഇടിച്ചു. ആകാശ്, പങ്കജ് എന്നിവരെ ഗുരുതരമായ പരുക്കുകളോടെയും നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡ്രൈവറെ ചെറിയ പരുക്കുകളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.