രാജ്യത്തേക്ക് 8 ചീറ്റകൾ കൂടി; ഇന്ത്യയ്ക്ക് ബോട്സ്വാനയുടെ സമ്മാനം
ഗബറൺ: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് എട്ടു ചീറ്റകളെ ഇന്ത്യയ്ക്ക് നൽകും. ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതി പ്രകാരമുള്ള കൈമാറ്റം രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‍റെ ബോട്സ്വാന സന്ദർശനത്തിലാണു പ്രഖ്യാപിച്ചത്. ചീറ്റകളെ നൽകുന്നതിന് ബോട്സ്വാന പ്രസിഡന്‍റ് ഡുമ ഗിഡിയൻ ബോക്കോയ്ക്ക് രാഷ്‌ട്രപതി നന്ദി പറഞ്ഞു.
ഇന്ത്യയ്ക്കു നൽകുന്ന ചീറ്റകളെ മികച്ച രീതിയിൽ പരിപാലിക്കുമെന്നും രാഷ്‌ട്രപതി. മൂന്നു ദിവസത്തെ സന്ദർശനത്തിനു ചൊവ്വാഴ്ചയാണ് രാഷ്‌ട്രപതി ബോട്സ്വാനയിലെത്തിയത്. ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ഇതാദ്യമാണ് ഒരു ഇന്ത്യൻ രാഷ്‌ട്രപതിയെത്തുന്നത്.
ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിയിൽ നമീബിയയും ദക്ഷിണാഫ്രിക്കയും ചീറ്റകളെ നൽകിയിരുന്നു. മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിൽ എത്തിച്ച ആഫ്രിക്കൻ ചീറ്റകൾ നിലവിൽ പരിസ്ഥിതിയുമായി ഇണങ്ങിയിട്ടുണ്ട്.