അമൃത്സറിലെ സുവർണ ക്ഷേത്രം
അമൃത്സർ: മുഖ്യമന്ത്രി തീർഥയാത്ര പദ്ധതി പ്രകാരം അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിക്കാനെത്തിയവരോട് മുഖ്യമന്ത്രിയായ ഭഗവന്ത് മാനിന്‍റെ ചിത്രം പതിച്ച തിരിച്ചറിയൽ കാർഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് വിവാദമാവുന്നു. മുഖ്യമന്ത്രി മാനിനെ സിഖ് സമുദായത്തിനു എതിരായ വ്യക്തിയായി സിഖ് സമുദായത്തിന്‍റെ പരമോന്നത സമിതിയായ അകാൽ തക്ത് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നടപടി.
ഒരു വിവാദ വീഡിയോയിൽ ഉൾപ്പെട്ടുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിക്കെതിരെ സിഖ് സമുദായം രംഗത്തുവന്നത്. മുഖ്യമന്ത്രിക്കെതിരെ അകാൽ തക്ത് നിലപാട് എടുത്തിരിക്കുന്നതിനാൽ അദ്ദേഹത്തിന്‍റെ ചിത്രം പതിച്ച തിരിച്ചറിയൽ കാർഡുകളുമായി വരുന്നവരെ സുവർണ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സെക്രട്ടറി ബൽവിന്ദർ സിങ് ഖൽവാൻ പറഞ്ഞു.
സുവർണ ക്ഷേത്രത്തിൽ എത്തിയവരോട് തിരിച്ചറിയൽ കാർഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് സുവർണ ക്ഷേത്രം അധികൃതരുടെ നടപടിക്കെതിരെ വിമർശനം ഉയരുകയും ചെയ്തു.
പഞ്ചാബ് സ്വദേശികളായ 50 വയസോ അതിൽ കൂടുതലോ ഉള്ളവർക്ക് തീർഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ് മുഖ്യമന്ത്രി തീർഥ യാത്ര പദ്ധതി. ഭക്ഷണം, താമസം, ഗതാഗതം, ചികിത്സ തുടങ്ങി തീർഥാടകരുടെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാരാണ് വഹിക്കുക.
ഒരു മുറിയില്‍ വച്ച് ഒരാള്‍ മദ്യപിക്കുകയും സിഖ് ഗുരുക്കന്‍മാരുടെ ചിത്രങ്ങള്‍ക്ക് മേല്‍ മദ്യം ഒഴിക്കുകയും ചെയ്യുന്ന വീഡിയോ ആണ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പേരില്‍ പുറത്തുവന്നത്. ഇതോടെയാണ് സിഖ് സമൂഹം മാനിനെതിരെ രംഗത്തുവന്നത്. എന്നാല്‍ വീഡിയോയില്‍ ഉള്ള ആള്‍ താന്‍ അല്ലെന്നാണ് മാന്‍ വ്യക്തമാക്കിയത്.