.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോൽക്കത്ത: സന്ദേശ്ഖാലിയിൽ അക്രമങ്ങളുണ്ടായിട്ടില്ലെന്നും രാഷ്‌ട്രീയ വിവാദമാണ് അവിടത്തേതെന്നുമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം തള്ളി ഇരകളായ സ്ത്രീകൾ രംഗത്തെത്തി. മുഖം മറച്ച് ഒരു ദേശീയ മാധ്യമത്തിനു മുന്നിലെത്തിയ സന്ദേശ്ഖാലിയിലെ സ്ത്രീകൾ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു വെളിപ്പെടുത്തി. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സന്ദേശ്ഖാലി സന്ദർശിച്ചതിനു പിന്നാലെയാണ് ഇരകൾ പരസ്യമായി രംഗത്തെത്തിയത്.
മുഖവും പേരും മറച്ചെത്തിയ സ്ത്രീകൾ സന്ദേശ്ഖാലിയിൽ ക്രമസമാധാനം പാടെ തകർന്നെന്നു കുറ്റപ്പെടുത്തി. രാഷ്‌ട്രപതി ഭരണമാണു വേണ്ടത്. ഷാജഹാൻ ഷെയ്ഖിന്‍റെ കൂട്ടാളികൾ വീടുതോറും പരിശോധന നടത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തി പാർട്ടി ഓഫിസിലേക്ക് വിളിപ്പിക്കുകയും ദിവസങ്ങളോളം പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും ഇവർ പറഞ്ഞു. പരാതി നൽകുമ്പോൾ ബലാത്സംഗത്തിന് മെഡിക്കൽ റിപ്പോർട്ട് ചോദിക്കുന്ന പൊലീസ് പ്രതികൾക്കൊപ്പമാണെന്നും ഇവർ. ഭൂമി തട്ടിയെടുക്കുകയും ചെന്നൈയിൽ ജോലി ചെയ്യുന്ന മകനിൽ നിന്ന് 25000 രൂപ പിടിച്ചുവാങ്ങുകയും ചെയ്ത പ്രതികൾ പകരം വീട് നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് ഒരു വീട്ടമ്മ ആരോപിച്ചു. പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് മാത്രമേയുള്ളൂ എന്നും ഇവർ.
അതേസമയം, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും ബിജെപി എംഎൽഎ ശങ്കർ ഘോഷിനെയും ഇന്നലെ സന്ദേശ്ഖാലി സന്ദർശിക്കാൻ കൽക്കട്ട ഹൈക്കോടതി അനുവദിച്ചു. ഇവിടേക്കുള്ള യാത്ര പൊലീസ് തടഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി ഇടപെടൽ. ബോട്ടിൽ കാളിന്ദി നദികടന്നെത്തിയ അധികാരിയും ഘോഷും സ്ത്രീകൾ ഉൾപ്പെടെ ഇരകളുമായി നേരിട്ട് സംസാരിച്ചു.
ഇതിനു പിന്നാലെയാണു സിപിഎം നേതാവ് വൃന്ദ കാരാട്ടും സന്ദേശ്ഖാലിയിലെത്തിയത്. ചിന്തിക്കാനാവാത്ത അതിക്രമങ്ങളാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ നേരിട്ടതെന്നു വൃന്ദയും അധികാരിയും പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഓഫിസിലേക്ക് ഭീഷണിപ്പെടുത്തി വിളിപ്പിച്ചാണ് സ്ത്രീകളെ പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചതെന്ന് വൃന്ദകാരാട്ട് പറഞ്ഞു.
സന്ദേശ്ഖാലിയിലെത്തിയ അധികാരിയെ സ്ത്രീകൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമാണു സ്വീകരിച്ചത്. എന്നാൽ, സംഘർഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതിനിടെ, സന്ദേശ്ഖാലിയിലേക്കു പോയ ടിവി ചാനൽ റിപ്പോർട്ടർ ശന്തു പാനിനെ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ പൊലീസിന്‍റെ നടപടിയിൽ എഡിറ്റേഴ്സ് ഗിൽഡ് ആശങ്ക രേഖപ്പെടുത്തി.