.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പ്രത്യേക ലേഖകൻ
ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ചേർന്നുള്ള 2019ലെ " ത്രിദിന സർക്കാരി'ന്റെ രൂപീകരണവും വീഴ്ചയും തന്റെ ഗൂഗ്ലിയായിരുന്നെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അവകാശപ്പെട്ടത് കഴിഞ്ഞദിവസമാണ്. അധികാരത്തിനുവേണ്ടി ബിജെപി ഏതറ്റം വരെയും പോകുമെന്നു തെളിയിക്കാൻ താൻ നടത്തിയ നാടകമായിരുന്നു അതെന്നാണു പവാർ പറഞ്ഞത്.
താൻ മുഖ്യമന്ത്രിയും അജിത് ഉപമുഖ്യമന്ത്രിയുമായുള്ള സർക്കാരിന്റെ രൂപീകരണം ശരദ് പവാറുമായുള്ള ചർച്ചയ്ക്കുശേഷമായിരുന്നെന്ന് ഫഡ്നാവിസ് വെളിപ്പെടുത്തിയപ്പോഴായിരുന്നു എൻസിപി അധ്യക്ഷന്റെ ഗൂഗ്ലി പ്രയോഗം. എന്നാൽ, പവാറിന്റെ അവകാശവാദത്തിനു ചൂടാറും മുൻപേ ഗൂഗ്ലിയെയും മറികടന്നൊരു "കാരം ബോളിലൂടെ' മറാഠയുടെ രാഷ്ട്രീയ ചാണക്യനെ ക്ലീൻബൗൾഡാക്കിയിരിക്കുന്നു ബിജെപിയും ഫഡ്നാവിസും. മഹാരാഷ്ട്രയിൽ താൻ നട്ടു വളർത്തിയ പാർട്ടി മാത്രമല്ല, ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഉപദേഷ്ടാവും നേതാവുമെന്ന പദവിയും ഇതോടെ പവാറിനു നഷ്ടം. ബിജെപിക്കെതിരേ ദേശീയതലത്തിലെ വിശാലസഖ്യ നീക്കങ്ങൾക്കു പ്രേരണയും തുടക്കവും നൽകിയതു മഹാരാഷ്ട്രയിലെ മഹാസഖ്യമായിരുന്നു. ഒരു വർഷത്തിനിടെ ആ സഖ്യം ഛിന്നഭിന്നമാകുന്നത് പ്രതിപക്ഷത്തിനും തിരിച്ചടി.
40 എംഎൽഎമാരുമായി ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി ബിജെപിക്കൊപ്പമെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് എൻസിപിയുടെ "മേജർ ഷെയറും' കൊണ്ട് അജിത് പവാറിന്റെ വരവ്. മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്റിഫ്, രാംരാജ് നിംബൽക്കർ, ധനഞ്ജയ് മുണ്ഡെ തുടങ്ങി പ്രമുഖരെല്ലാം അജിത്തിനൊപ്പം പോന്നതോടെ എൻസിപിയിൽ എടുത്തുപറയാനുള്ള നേതാക്കൾ പവാറും മകൾ സുപ്രിയ സുലെയും മാത്രമായി.
സംസ്ഥാനത്തു രണ്ടു ദിവസത്തിനുള്ളിൽ മന്ത്രിസഭാ വികസനമുണ്ടാകുമെന്നു ഫഡ്നാവിസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഫഡ്നാവിസും അടുത്തിടെ ഡൽഹിയിൽ ബിജെപി നേതാക്കളെ സന്ദർശിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴൊന്നും എൻസിപിയിലെ പിളർപ്പ് സാധ്യതയെക്കുറിച്ച് ഒരു സൂചനയും പുറത്തുവന്നില്ല.
ബിജെപിയിൽ ഫഡ്നാവിസ് എന്ന യുവനേതാവിന്റെ മികവും കരുത്തും കൂടുതൽ തെളിയിക്കുന്നതു കൂടിയാണു മഹാവികാസ് അഘാഡിയുടെ തകർച്ച. 2014ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് ഏറ്റവും വലിയ ഒറ്റകക്കക്ഷിയായി ബിജെപിയെ മാറ്റിയതിൽ തുടങ്ങിയതാണു നാഗ്പുരിൽ നിന്നുള്ള നേതാവിന്റെ സാന്നിധ്യം. അന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഫഡ്നാവിസിന്റെ പ്രതാപം 2019ൽ ശിവസേന സഖ്യംവിട്ടതോടെ അവസാനിച്ചെന്നു പരക്കെ കരുതിയതാണ്.
യുപി കഴിഞ്ഞാൽ ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് മൂന്നു പ്രബല കക്ഷികൾ ബിജെപിക്കെതിരേ ഒരുമിച്ചു നിൽക്കുന്നത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിലുയർത്തുന്ന വെല്ലുവിളി ദേശീയ നേതൃത്വത്തെയും ആശങ്കപ്പെടുത്തി. എന്നാൽ, മൂന്നു വർഷം പിന്നിട്ടപ്പോൾ ശിവസേനയെ പിളർത്തി തിരികെയെത്തിച്ച നീക്കത്തെ മുന്നിൽ നിന്ന് നയിച്ച് ഫഡ്നാവിസ് കരുത്തുകാട്ടി. ദേശീയ നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഉപമുഖ്യമന്ത്രിയായി "ഒതുങ്ങേണ്ടി' വന്നെങ്കിലും സംസ്ഥാന ഭരണം പിന്നിൽ നിന്നു നിയന്ത്രിക്കുന്നത് ബിജെപി നേതാവാണെന്നത് പരസ്യമായ രഹസ്യം.
അജിത് പവാർ എൻഡിഎയിലെത്തിയാൽ താൻ മന്ത്രിസഭയിൽ നിന്നു മാറുമെന്ന് കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രി ഷിൻഡെ ഭീഷണി മുഴക്കിയിരുന്നു. ആ ഷിൻഡെ ഇന്നലെ അജിത് പവാറിനെ സ്വാഗതം ചെയ്യുമ്പോഴും അരികിലുണ്ടായിരുന്നു ഫഡ്നാവിസ്.
മഹാരാഷ്ട്രയിൽ മാത്രമല്ല, ദേശീയ തലത്തിലും സംഘാടന മികവു തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ഗോവയിലും ബിഹാറിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്നു ഫഡ്നാവിസ്. രണ്ടു സംസ്ഥാനങ്ങളിലും പാർട്ടി അധികാരത്തിലെത്തുക (ബിഹാറിൽ ജെഡിയു സഖ്യം വിട്ടതോടെ ഭരണം നഷ്ടമായി) മാത്രമല്ല, സീറ്റ് നില ഉയരുകയും ചെയ്തു.
ശിവസേനയിലെ പിളർപ്പിന്റെ പേരിൽ ഷിൻഡെയുൾപ്പെടെ 17 പേർക്കെതിരേ അയോഗ്യതാ നടപടികൾ സ്വീകരിക്കേണ്ടത് സ്പീക്കറാണെന്ന് കഴിഞ്ഞ മേയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിൽ മഹാരാഷ്ട്ര സ്പീക്കർ ഇപ്പോഴും നടപടിയെടുത്തിട്ടില്ലെന്നും വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പ്രഖ്യാപനം. ഈ കേസിൽ എതിരായി വിധിയുണ്ടായാലും പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ ബാധിക്കില്ലെന്ന ആത്മവിശ്വാസവും ഇനി സർക്കാരിനുണ്ട്. അഥവാ സുപ്രീം കോടതിയുടെ പ്രതികൂല പരാമർശത്തിന്റെ പേരിൽ ഷിൻഡെ രാജിവയ്ക്കേണ്ടി വന്നാൽ ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായാലും അദ്ഭുതപ്പെടാനില്ല.