ബിഹാറിലെ കന്നി വന്ദേ ഭാരത് യാത്രയിൽ ടിക്കറ്റില്ലാതെ സ്ത്രീകളും കുട്ടികളും
പട്ന: പുതിയ രൂപത്തിൽ പുത്തൻ തീവണ്ടി എത്തിയപ്പോൾ സ്റ്റേഷനിലുള്ളവർ ചാടി കയറി. സ്ത്രീകളും, കുട്ടികളും അടക്കം നിരവധി പേരാണ് ബിഹാറിലെ വന്ദേഭാരതിന്‍റെ ആദ്യയാത്രത്തിൽ ഇരച്ചുകയറിയത്. ടിക്കറ്റ് ഉള്ളവരും ഇല്ലാത്തവരും ഇരച്ചുകയറിയതോടെ ഉദ്യോഗസ്ഥർ അങ്കലപ്പിലായി. യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും ട്രെയിനിനെക്കുറിച്ചോ, അതിന്‍റെ നിയമങ്ങളെ കുറിച്ചോ പരിചയമില്ലാത്തവരാണെന്ന് വീഡിയോയിൽ വ്യക്തമാണ്.
ഇതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെത്തി ട്രെയിന് പുറത്തേക്ക് പോകണമെന്നും അല്ലെങ്കിൽ വാതിൽ അടച്ചുകഴിഞ്ഞാൽ പ്രശ്നങ്ങളുണ്ടാകുമെന്നും പറയുന്നത് വീഡിയോയിലുണ്ട്.
ട്രെയിനിൽ കയറിയവരിൽ പലരുടെയും കൈയിൽ ലഗേജ് ഉണ്ടായിരുന്നില്ല. എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും ശ്രദ്ധിക്കാതെയായിരുന്നു ഇവർ കൂട്ടത്തോടെ ട്രെയിനിൽ കയറിയത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഇടപെട്ട് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കൂട്ടത്തോടെ പുറത്താക്കിയാണ് യാത്ര പുറപ്പെട്ടത്. ബിഹാർ-ഡൽഹി വന്ദേഭാരതിന്‍റെ കന്നിയാത്രയായിരുന്നു വ്യാഴാഴ്ച നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിഹാറിന്‍റെ അവസ്ഥയാണ് ഇത് കാണിക്കുന്നതെന്ന് അഭിപ്രായം ഉയർന്നു. പലർക്ക് വിദ്യാഭ്യാസത്തിന്‍റെ കുറവ് മൂലമാണ് ട്രെയിൻ എവിടേക്കാണെന്ന് മനസിലാകാതെ കയറിയതെന്ന് അഭിപ്രായം ഉയർന്നു. ബിഹാറിലെ സാധാരണക്കാർ ഇന്നും പരിമിതമായ അവസ്ഥയിലാണ് ജീവിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളോ, മികച്ച വിദ്യാഭ്യാസമോ ഇവർക്ക് ലഭിക്കുന്നില്ല.