കേന്ദ്രത്തിനെതിരേ പ്രതിഷേധിച്ച് രാജി; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോൺഗ്രസിലേക്ക്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്നാണ് കണ്ണൻ അംഗത്വം സ്വീകരിച്ചത്. കനയ്യ കുമാർ അടക്കമുളള നേതാക്കളുടെ സന്നിഹിതരായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരേയും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ നിശബ്ദനായിരിക്കാൻ സാധിക്കില്ലെന്നും കണ്ണൻ പറഞ്ഞിരുന്നു.
കേന്ദ്രത്തിന്‍റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കേന്ദ്രം കണ്ണനെതിരേ കുറ്റപത്രം നൽകിയിരുന്നു. തുടർന്നു ദാദ്ര നാഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറി പദവി അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യയിലുടനീളം പൊട്ടിപ്പുറപ്പെട്ട പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളിലെ മുൻനിര വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. മുംബൈ, ആഗ്ര, പ്രയാഗ്‌രാജ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തെ തടഞ്ഞുവച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞു.
2020 ഏപ്രിലിൽ അദ്ദേഹത്തോട് വീണ്ടും ജോലിയിൽ ഹാജരാകാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കോവിഡ്-19 പ്രതിസന്ധിയെ നേരിടാൻ സന്നദ്ധസേവനം നടത്താൻ തയാറാണെന്നും എന്നാൽ വീണ്ടും ഐഎഎസിൽ ചേരില്ലെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം അത് നിരസിച്ചു.
കേന്ദ്ര സർക്കാർ നൽകിയ പരാതിയിൽ ദുരന്തനിവാരണ നിയമം, 1897 ലെ പകർച്ചവ്യാധി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.