പശ്ചിമ ബംഗാളിൽ 250ഓളം അധിക നിരീക്ഷകർ
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പൽ നാളെ വോട്ടെണ്ണൽ നിരീക്ഷകരെ സഹായിക്കാൻ 165 അധിക വോട്ടെണ്ണൽ നിരീക്ഷകരെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷ ശക്തിപ്പെടുത്താനും ക്രമസമാധാന ക്രമീകരണങ്ങൾ നിരീക്ഷിക്കാനുമായി 77 പൊലീസ് നിരീക്ഷകരെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) വിന്യസിച്ചു.
സുരക്ഷിതവും സമാധാനപരവും ഭീഷണിരഹിതവും സുതാര്യവുമായ അന്തരീക്ഷത്തിൽ വോട്ടെണ്ണൽ നടപടികൾ നടക്കുന്നുവെന്ന് ഉറപ്പാക്കാനാണ് അധിക വോട്ടെണ്ണൽ നിരീക്ഷകരെയും പൊലീസ് നിരീക്ഷകരെയും വിന്യസിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 324 നും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്‌ഷൻ 20 ബിയും പ്രകാരം ഇസിഐയ്ക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ഈ കാലയളവിൽ, നിരീക്ഷകർ കമ്മിഷന്‍റെ ഡെപ്യൂട്ടേഷനിൽ ആയിരിക്കുകയും കമ്മിഷന്‍റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുകയും ചെയ്യും.
ഒന്നിലധികം കൗണ്ടിങ് ഹാളുകളുള്ള 165 നിയമസഭാ മണ്ഡലങ്ങളിലെ കൗണ്ടിങ് നിരീക്ഷകരെ സഹായിക്കാൻ അധിക കൗണ്ടിങ് നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷകർ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കേണ്ടതു കമ്മിഷന്‍റെ നിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ എന്ന് ഉറപ്പാക്കേണ്ടതും അവർ തന്നെയാണ്. എന്നിരുന്നാലും, വോട്ടെണ്ണൽ ദിവസം പൊലീസ് നിരീക്ഷകർ ഒരു കാരണവശാലും വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കാൻ പാടില്ല. വോട്ടെണ്ണൽ നിരീക്ഷകരുമായും വോട്ടെണ്ണൽ പ്രക്രിയയ്ക്കായി വിന്യസിച്ചിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പ് സംവിധാനങ്ങളുമായും പൊലീസ് നിരീക്ഷകർ അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കും.
റിട്ടേണിങ് ഓഫിസർമാർ, കൗണ്ടിങ് ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, അവരുടെ ഏജന്‍റുമാർ എന്നിവർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ഇസിഐ നെറ്റിലെ ഒരു പ്രത്യേക മൊഡ്യൂൾ വഴി നൽകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കും സ്ഥാനാർഥികൾക്കും അവരുടെ ഏജന്‍റുമാർക്കും ക്യുആർ കോഡ് അധിഷ്ഠിത ഫോട്ടൊ ഐഡിയുടെ അടിസ്ഥാനത്തിലായിരിക്കും.
കൗണ്ടിങ് നിരീക്ഷകനും റിട്ടേണിങ് ഓഫിസറും ഒഴികെയുള്ള ആർക്കും കൗണ്ടിങ് ഹാളിനുള്ളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമില്ല. കൺട്രോൾ യൂണിറ്റുകളിൽ നിന്നുള്ള വോട്ടെണ്ണലിന്‍റെ ഫലങ്ങൾ അടങ്ങിയ ഫോം 17 സി-II, കൗണ്ടിങ് ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർമാർ തയ്യാറാക്കുകയും കൗണ്ടിങ് ഏജന്‍റുമാരുടെ ഒപ്പിനായി അവരുമായി പങ്കിടുകയും ചെയ്യും. കൗണ്ടിങ് ഏജന്‍റുമാർ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പ്രക്രിയ ആവർത്തിക്കും.
ഓരോ മേശയിലും വിന്യസിച്ചിരിക്കുന്ന മൈക്രോ ഒബ്‌സർവർമാർ കൺട്രോൾ യൂണിറ്റ് ഡിസ്‌പ്ലേയിൽ നിന്നുള്ള ഫലം സ്വതന്ത്രമായി രേഖപ്പെടുത്തുകയും ക്രോസ് വെരിഫിക്കേഷനായി ഓരോ റൗണ്ടിന്‍റെയും അവസാനം കൗണ്ടിങ് ഒബ്‌സർവറിന് കൈമാറുകയും ചെയ്യും.