file image
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഐസിസ്-കാശ്മീർ എന്ന ഭീകര സംഘടനയുടേതാണ് വധഭീഷണി. 'നിന്നെ ഞാന്‍ കൊല്ലും' (IKillU) എന്ന 3 വാക്കുകള്‍ മാത്രമുള്ള ഭീഷണി സന്ദേശമാണ് മുന്‍ ബിജെപി എംപി കൂടിയായ ഗൗതം ഗംഭീറിന് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണം നടന്ന ഏപ്രില്‍ 22ന് തന്നെയാണ് ഉറവിടം വ്യക്തമല്ലാത്ത ജിമെയില്‍ അക്കൗണ്ട് വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഗംഭീറിന് ഇ-മെയില്‍ വഴി അന്നേ ദിവസം ഉച്ചയ്ക്കും വൈകിട്ടുമായി രണ്ട് ഭീഷണി സന്ദേശമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്സില്‍ (ട്വീറ്റർ) പോസ്റ്റിട്ടിരുന്നു. ''മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടിവരും. ഇന്ത്യ തിരിച്ചടിക്കും'' എന്നായിരുന്നു കുറിപ്പ്. ഇതിനു പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്.
ഭീഷണിയെത്തുടര്‍ന്ന് ഗംഭീര്‍ രജീന്ദര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇ-മെയിലിന്‍റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും പൊലീസിനൊപ്പം സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു.
ഇതാദ്യമായല്ല ഗംഭീറിന് ഭീഷണി സന്ദേശം ലഭിക്കുന്നത്. 2022ലും അദ്ദേഹത്തിന് സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പിന്നാലെ അധികൃതര്‍ ഗംഭീറിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികളെടുക്കുകയായിരന്നു. എന്നാൽ, പഹൽഗാമിലെ ആക്രമണത്തിനു പിന്നാലെ വന്ന ഈ സമീപകാല ഭീഷണി, വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.