മോഹൻ ഭാഗവത്, ഒമർ അബ്ദുള്ള
ജമ്മു: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ജെൻ സികൾക്ക് അനുകൂലമായി നടത്തിയ പരാമർശത്തെ പിന്തുണച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സർക്കാരിനെ എതിർക്കുന്നതും രാജ്യത്തിനെതിരേ പ്രവർത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയതിനെ പ്രോത്സാഹജനകമായ കാര്യമായാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
''ജെൻ സിയുടെ പരാതികൾ യഥാർഥമാണ്, പ്രതിഷേധിക്കുന്നതുകൊണ്ട് അവർ ദേശവിരുദ്ധരാകുന്നില്ല''-എന്നായിരുന്നു മോഹൻ ഭാഗവതിന്‍റെ പരാമർശം.
''മോഹൻ ഭാഗവത് ജി ഈ വ്യത്യാസം അംഗീകരിച്ചുവെന്നതാണ് നല്ല കാര്യം. സർക്കാരിനെ എതിർക്കുന്നത് രാജ്യത്തെ എതിർക്കുന്നതിന് തുല്യമല്ല. യഥാർഥത്തിൽ, സർക്കാരിനെ എതിർക്കുന്നത് പലപ്പോഴും രാജ്യത്തിന് ഗുണകരമാണ്. കാരണം, എവിടെയെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്താൻ അത് സഹായിക്കും''- ഒമർ അബ്ദുള്ള പറഞ്ഞു.
വ്യാഴാഴ്ച മുംബൈയിൽ നടന്ന ഇന്ത്യയുടെ ഇന്‍റർനാഷണൽ മൂവ്‌മെന്‍റ് ടു യുണൈറ്റ് നേഷൻസ് 15-ാം വാർഷിക പരിപാടിയിൽ ജെൻ സി വിഭാഗത്തിൽപ്പെട്ട 2000ത്തോളം പേരെ അഭിസംബോധന ചെയ്യവേയാണ് മോഹൻ ഭാഗവതിന്‍റെ പരാമർശം. ''ജെൻ സി അംഗങ്ങൾ പ്രക്ഷോഭം നടത്തുകയാണെങ്കിൽ അവർ ദേശവിരുദ്ധരല്ല; അവർ നമ്മുടെ ആളുകളാണ്. അവർ നമ്മുടെ അടുത്ത തലമുറയാണ്. അവരുമായി സംവാദവും നല്ല ബന്ധവും ആവശ്യമാണ്''- ഭാഗവത് വ്യക്തമാക്കി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. സർക്കാരിനെതിരായ പ്രതിഷേധത്തെ രാജ്യത്തിനെതിരായ പ്രതിഷേധമായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം ഉത്തരവാദിത്തം ഉറപ്പാക്കാൻ സഹായിച്ചെന്നും ഭാവിയിൽ പരീക്ഷകൾ നടത്തുന്നതിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, വിദ്യാർഥികളെ കൈയേറ്റം ചെയ്തതായും ക്രിമിനൽ കേസുകളിൽ പ്രതികളാക്കിയതായും സമൂഹമാധ്യമങ്ങളിലൂടെ പീഡിപ്പിച്ചതായും ആരോപണങ്ങളുണ്ടെന്ന് പറഞ്ഞു. ഈ നടപടിക്രമം മുഴുവൻ അവസാനിപ്പിക്കണമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.