ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

 
India

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

താരിഫിന്‍റെയും എച്ച് 1 ബി വിസയുടെയും പേരിലടക്കം യുഎസ്, ഇന്ത്യ ബന്ധം വഷളായിരിക്കെയാണു ഗൂഗിൾ ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ സെന്‍റർ ഉൾപ്പെടെ എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിൾ. ഇതിനായി അഞ്ചു വർഷത്തിനുള്ളിൽ 1500 കോടി ഡോളർ നിക്ഷേപിക്കും. യുഎസിനു പുറത്ത് ഗൂഗിൾ സ്ഥാപിക്കുന്ന ഏറ്റവും വലിയ എഐ ഹബ്ബാകും വിശാഖപട്ടണത്തേത്. നേരിട്ട് 5000- 6000 പേർക്കു തൊഴിൽ നൽകുന്ന ഹബ് 30000ഓളം പരോക്ഷ തൊഴിലവസരങ്ങളും നൽകും. അദാനി ഗ്രൂപ്പുമായി സഹകരിച്ചാകും ഡേറ്റ സെന്‍റർ തുറക്കുന്നത്.

താരിഫിന്‍റെയും എച്ച് 1 ബി വിസയുടെയും പേരിലടക്കം യുഎസ്, ഇന്ത്യ ബന്ധം വഷളായിരിക്കെയാണു ഗൂഗിൾ ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. 2026ലെ ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിക്കു മുന്നൊരുക്കമെന്ന നിലയിൽ ഡൽഹിയിൽ ഗൂഗിൾ ആതിഥ്യം വഹിച്ച ഭാരത് എഐ ശക്തി സമ്മേളനത്തിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യനാണു പ്രഖ്യാപനം നടത്തിയത്. ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ധനമന്ത്രി നിർമല സീതാരാമൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ അവസരം ലഭിച്ചെന്നും ആദ്യ ഗൂഗിൾ എഐ ഹബ് വിശാഖപട്ടണത്തു തുറക്കാനാണു പദ്ധതിയെന്നും ടെക് ഭീമന്‍റെ സിഇഒ സുന്ദർ പിച്ചെ സമൂഹമാധ്യമത്തിൽ അറിയിച്ചു. ഒരു ജിഗാവാട്ട് ഡേറ്റ സെന്‍റർ ക്യാംപസ്, വൻ തോതിലുള്ള ഊർജസ്രോതസുകൾ, വിപുലീകരിച്ച ഫൈബർ ഓപ്റ്റിക് ശൃംഖല എന്നിവ ഉൾപ്പെടുന്നതാകും എഐ ശൃംഖല. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പുമായി സഹകരിച്ചാണു ഡേറ്റ സെന്‍റർ തുറക്കുന്നത്. പദ്ധതിയുടെ ഭാഗമായി എയർ ടെൽ വിശാഖപട്ടണത്ത് കേബിൾ ലാൻഡിങ് സ്റ്റേഷൻ സ്ഥാപിക്കും.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു