ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിൽ വിജയം കൊയ്ത് ബിജെപിയും ആംആദ്മിയും
ഗാന്ധിനഗർ: ഗുജറാത്തിലെ രണ്ടിടങ്ങളിൽ തിങ്കളാഴ്ച നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയം കൊയ്ത് ബിജെപിയും ആംആദ്മിയും. ഗുജറാത്തിലെ വിസവദർ നിയമസഭാ മണ്ഡലത്തിൽ ആംആദ്മിയും കാഡി മണ്ഡലത്തിൽ ബിജെപിയും വിജയിച്ചു.
വിസവദർ നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് സീറ്റ് എഎപി നിലനിർത്തി. 18,000 ത്തോളം വോട്ടുകൾക്ക് ആംആദ്മി പാർട്ടി നേതാവ് ഇറ്റാലിയ ഗോപാലാണ് വിജയിച്ചത്. ബിജെപിയുടെ കിരിത് പട്ടേലും കോൺഗ്രസിന്‍റെ നിതിൻ രൺപാരിയുമാണ് തോറ്റത്.
എഎപി നിയമസഭാ അംഗം ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ 2023 മുതൽ ഗുജറാത്ത് വിസവദർ നിയമസഭാ മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണ്.
കാഡി മണ്ഡലത്തിൽ ബിജെപിയുടെ രാജേന്ദ്രകുമാർ ദാനേശ്വർ ചാവ്ഡ 40,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രണ്ടാം സ്ഥാനത്ത് കോൺഗ്രസിന്‍റെ രമേശ് ചാവ്ഡയാണ്.
ബിജെപി എംഎൽഎ കർസൻ സോളങ്കിയുടെ മരണത്തെത്തുടർന്ന് ഫെബ്രുവരി മുതൽ കാഡി സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മെഹ്‌സാന ജില്ലയിൽ വരുന്ന ഈ മണ്ഡലം പട്ടികജാതി സ്ഥാനാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു.