നാല് മാസം മുൻപ് എന്നെ തല്ലി, ഞാൻ അവനെ കൊന്നു: കഫേയിലെ യുവാവിന്‍റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിഡിയോ
ന്യൂഡൽഹി: ഡൽഹിയിലെ കഫേയിൽ യുവാവിനെ വെടിവെച്ച് കൊന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മജ്പൂരിൽ മിസ്റ്റർ കിങ് ലോഞ്ച് ആന്‍റ് കഫേയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. 24കാരനായ ഫൈസൻ എന്ന ഫാസിയാണ് കൊലചെയ്യപ്പെട്ടത്.
കഫേയ്ക്കുള്ളിൽ തലയിലും നെഞ്ചിലും വെടിയേറ്റ നിലയിലാണ് ഫൈസനെ കണ്ടെത്തിയത്. പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ഫൈസനെ കൊന്നത് താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു യുവാവ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചു.
മോയിൻ ഖുറേഷി എന്ന അക്കൗണ്ടിലാണ് വിഡിയോ വന്നത്. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് കൊലനടത്തിയത് എന്നാണ് വിഡിയോയിൽ പറയുന്നത്. നാല് മാസം മുൻപ് ഫൈസൻ തന്നെ മുഖത്തടിച്ചെന്നും അതിന് പ്രതികാരമായി അവന്‍റെ ജീവനെടുക്കുകയാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
വ്യക്തി വൈരാഗ്യത്തെ തുടർന്ന് ഞാനാണ് ഫൈസനെ കൊന്നത്. എന്‍റെ അച്ഛനോ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഇതിൽ പങ്കില്ല. ആരെങ്കിലും പറഞ്ഞതുകൊണ്ടല്ല ഞാനവനെ കൊന്നത്. പണത്തിനു വേണ്ടിയല്ല കൊല നടത്തിയത്. നാല് മാസം മുൻപ് ഇവൻ എന്നെ അടിച്ചു. അതിനു പകരമായി ഞാൻ അവന്‍റെ ജീവനെടുത്തു.- വിഡിയോയിൽ പറയുന്നു. അതിനിടെ ഇയാളും അച്ഛനും തങ്ങളുടെ കയ്യിൽ നിന്ന് പണം വാങ്ങിയിരുന്നെന്നും അത് തിരിച്ചു ചോദിച്ചതിന് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും ഫൈസന്‍റെ സഹോദരൻ ആരോപിച്ചു. അച്ഛനും മകനും ചേർന്നാണ് ഫൈസനെ കൊലപ്പെടുത്തിയതെന്നും സഹോദരൻ കൂട്ടിച്ചേർത്തു.