ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന് മുന്നോടിയായി വടക്കൻ തമിഴ്നാട്ടിൽ അതിശക്തമായ മഴ. അപകട സാധ്യത മുൻ നിർത്തി ചെന്നൈ വിമാനത്താവളം വൈകിട്ട് 5 മണി വരെ അടച്ചിടും. ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ വിമാന സർവീസുകളെ ഇതു ബാധിക്കും. ചില വിമാനങ്ങൾ ബംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചു വിട്ടു. 18 ഫ്ലൈറ്റുകൾ റദ്ദാക്കി. 12 ഫ്ലൈറ്റുകൾ വൈകി സർവീസ് നടത്തും. മറീന, മാമല്ലപുരം ബീച്ചുകളിൽ സുരക്ഷാ സജ്ജീകരണങ്ങൾഒരുക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ നവംബർ 30 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യപ്പെട്ടാൽ വർക് ഫ്രം ഹോം നൽകാനും നിർദേശമുണ്ട്. സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉന്നത തല യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.
മുൻകരുതലുകൾ എല്ലാം സ്വീകരിച്ചതായും ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ താമസക്കാരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുദ്ധ കാലാടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി സ 9 മരങ്ങളാണ് കനത്ത മഴയിൽ വീണത്. 22 സബ് വേകളിൽ 21ലും ഗതാഗതപ്രശ്നങ്ങൾ ഇല്ല.