രാഷ്‌ട്രത്തിനായി തുടർന്നും പ്രവർത്തിക്കും- ധർമേന്ദ്ര പ്രധാൻ

 
India

രാഷ്‌ട്രത്തിനായി തുടർന്നും പ്രവർത്തിക്കും: ധർമേന്ദ്ര പ്രധാൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പ്

MV Desk

എന്‍റെ യുവ സുഹൃത്തുക്കളേ,

ഞാൻ കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി സമർപ്പിതനാണ്. ശാക്തീകരിക്കപ്പെട്ടതും, ഉൾക്കൊള്ളുന്നതും, ദൂരക്കാഴ്ചയുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാഷ്‌ട്രത്തിന്‍റെ അടിത്തറയെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.

രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും അവരുടെ ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മളെല്ലാവരുടെയും രാഷ്‌ട്രീയവും സാമൂഹികവുമായ ജീവിതത്തിന്‍റെ ധാർമിക നിശ്ചയദാർഢ്യമാണ്. ആദരണീയനായ പ്രധാനമന്ത്രിയുടെ ദൂരക്കാഴ്ചയുള്ള നേതൃത്വത്തിൽ രാഷ്‌ട്രത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ അദ്ദേഹത്തോടു നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ 2026 മേയ് 3ന് നടന്ന നീറ്റ്- യുജി പരീക്ഷയിൽ ചില ക്രമക്കേടുകൾ കണ്ടെത്തി. കേന്ദ്ര സർക്കാർ ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനോടൊപ്പം അടുത്ത വർഷം മുതൽ ഈ പരീക്ഷ സിബിടി (കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ) രീതിയിലാക്കാൻ തീരുമാനിച്ചു.

ഈ സമയത്ത്, 20 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളുടെ പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന മുൻഗണന. ഇതിനായി ""ഹോൾ ഓഫ് ഗവൺമെന്‍റ് അപ്രോച്ച്'' (Whole of government approach) അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഇതിൽ കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും പ്രത്യേകിച്ച് ജില്ലാ ഭരണകൂടവും പ്രധാന പങ്ക് വഹിച്ചു. കൂടാതെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21ന് ഈ പരീക്ഷ പൂർത്തിയായി.

ആദ്യ ദിവസം മുതൽ തന്നെ ഞാൻ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഈ സാഹചര്യത്തിൽ നിന്ന് ഒരിക്കലും പിന്മാറാതിരിക്കുകയും ചെയ്തു. പരീക്ഷാ മാഫിയ കാരണം കഴിവുള്ള ഒരു വിദ്യാർഥിയുടെയും ഭാവി തകരില്ലെന്നും ഒരു വിദ്യാർഥിയോടും അനീതി കാട്ടില്ലെന്നും എനിക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു.

ജൂലൈ 16ന് പ്രഖ്യാപിച്ച നീറ്റ്- യുജി പരീക്ഷാ ഫലം തൃപ്തികരമായിരുന്നു; അതിൽ നിർധന പശ്ചാത്തലത്തിൽ നിന്നുള്ള നിരവധി പ്രതിഭാധനരായ വിദ്യാർഥികൾക്കും വിജയം നേടാനായി.

എന്നാൽ ഈ സമയത്തും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചില വ്യക്തികൾ വിദ്യാർഥികളെ വഴിതെറ്റിക്കാനും തടസങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു, ഇത് മനസിനെ ഏറെ വേദനിപ്പിച്ചു.

നമ്മുടെ ജനാധിപത്യത്തിന്‍റെ ശക്തിയിൽ എപ്പോഴും അചഞ്ചലമായ വിശ്വാസമർപ്പിക്കുന്ന ആളാണ് ഞാൻ; യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുകയും ചെയ്യുന്നു. അവർ ഇന്ത്യയുടെ ഭാവി മാത്രമല്ല, പുതിയതും വികസിതവുമായ ഒരു ഭാരതത്തിന്‍റെ വാഹകരും നിർമാതാക്കളും ഭാവിയുടെ ശില്പികളുമാണ്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സംഭവവികാസങ്ങൾ കണ്ട് എന്‍റെ മനസ് ഏറെ ദുഃഖിതനാണ്. ഇത് എനിക്ക് വ്യക്തിപരമായ അഭിമാനത്തിന്‍റെ വിഷയമല്ല.

ഇന്ത്യയുടെ യുവശക്തി തന്നെയാണ് ഈ രാജ്യത്തിന്‍റെ യഥാർഥ ശക്തി. രാജ്യത്തെ യുവശക്തിയെ തെറ്റിദ്ധാരണകളുടെ ചതിക്കുഴിയിൽ വീഴാൻ അനുവദിക്കില്ല എന്നതാണ് എന്‍റെ ദൃഢനിശ്ചയം.

ഡൽഹി ജന്തർമന്തറിലും രാജ്യത്തുടനീളവും നിലനിൽക്കുന്ന ഈ സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനും, രാജ്യത്തിന്‍റെ ഐക്യം നിലനിൽക്കാനും, ഇന്ത്യയിലെ ഒരു വിദ്യാർഥിയുടെയും ഭാവി നിയമക്കുരുക്കുകളിൽ പെടാതിരിക്കാനും, നമ്മുടെ കുട്ടികൾ തങ്ങളുടെ സമയം പഠനത്തിനും കരിയർ കെട്ടിപ്പടുക്കുന്നതിനും വിനിയോഗിക്കാനും വേണ്ടി ചിന്തിച്ചുകൊണ്ട്, ഞാൻ എന്‍റെ രാജിക്കത്ത് ആദരണീയനായ പ്രധാനമന്ത്രിക്ക് അയച്ചു നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞാൻ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. അതോടൊപ്പം, മന്ത്രിസഭയിലെ എന്‍റെ എല്ലാ ബഹുമാന്യരായ സഹപ്രവർത്തകർക്കും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, എന്നോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. രാഷ്‌ട്രസേവനമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും ഉയർന്ന മുൻഗണന. അതിനായി ഞാൻ എപ്പോഴും സമർപ്പിതനായിരിക്കും.

പുരിയിലെ ശ്രീ ജഗന്നാഥ പ്രഭുവിന്‍റെ അനുഗ്രഹത്താൽ ഭാവിയിലും ഭാരത മാതാവിനും, ഒഡീഷയിലെ ജനങ്ങൾക്കും, രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനുമായി സാധ്യമായ എല്ലാ രീതിയിലും ഞാൻ എന്നെത്തന്നെ സമർപ്പിക്കും.

നിങ്ങളുടെ,

ധർമേന്ദ്ര പ്രധാൻ

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി