നേപ്പാളിൽ 'ജെൻ സി' പ്രതിഷേധങ്ങൾ തുടരുന്നു; യുപിയിൽ അതീവ ജാഗ്രത
ലഖ്‌നൗ: നേപ്പാളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, ഹിമാലയൻ രാഷ്ട്രവുമായുള്ള അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. ഉത്തർ പ്രദേശിലെ 7 ജില്ലകളാണ് നേപ്പാളുമായി അതിർത്തി പങ്കിടുന്നത്. ഈ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് നിർദേശം നൽകി.
24 മണിക്കൂറും നിരീക്ഷണവും പട്രോളിങും ശക്തമാക്കൽ, അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയ്ക്ക് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉത്തരവിട്ടു. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനത്ത് ഒരു പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയും വിവാദമായ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയും ജെൻ സി പ്രതിഷേധങ്ങൾ ശക്തമായതോടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലി സർക്കാർ രാജിവച്ചിരുന്നു. എന്നിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല.