'രണ്ട് പേർക്കും കൂടി ഒറ്റ വധു'; പാരമ്പര്യത്തിൽ അഭിമാനമെന്ന് ഹിമാചൽ സഹോദരന്മാർ
ഷിംല: ഒരേ സ്ത്രീയെ ഒരുമിച്ച് വിവാഹം കഴിച്ച് ഹിമാചൽ പ്രദേശിലെ സഹോദരന്മാർ. ഷില്ലൈ ഗ്രാമത്തിൽ താമസിക്കുന്ന പ്രദീപ് കുമാർ, കപിൽ നേഗി എന്നിവരാണ് സുനിത ചൗഹാൻ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇരുവരും ഹട്ടി ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണ്. നൂറു കണക്കിന് പേരാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്. ജൂലൈ 12 മുതൽ മൂന്നു ദിവസമാണ് വിവാഹച്ചടങ്ങുകൾ നീണ്ടു നിന്നത്. ഹട്ടി ഗോത്രാചാരപ്രകാരം ഇത്തരം വിവാഹം അനുവദനീയമാണ്. അതിനെ പിന്തുടർന്നു കൊണ്ടാണ് വിവാഹമെന്നും തങ്ങൾക്കതിൽ അഭിമാനമാണുള്ളതെന്നും ഇരുവരും പറയുന്നു. റവന്യു നിയമം പ്രകാരം ഹിമാചൽ പ്രദേശും ഈ ആചാരത്തെ സംരക്ഷിക്കുന്നുണ്ട്. ജോഡിദാര എന്നാണ് ഇത്തരം വിവാഹങ്ങൾ അറിയപ്പെടുന്നത്. ആറു വർഷത്തിനിടെ ആറു വിവാഹങ്ങളാണ് ഈ രീതിയിൽ നടന്നിരിക്കുന്നത്.
കുൻഹാട്ട് ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയാണ് സുനിത. വിവാഹവുമായി ബന്ധപ്പെട്ട പാരമ്പര്യത്തെക്കുറിച്ച് തനിക്കറിയാമെന്നും ആരുടെയും സമ്മർദം മൂലമല്ല ഇത്തരം വിവാഹത്തിന് തയാറായതെന്നും സുനിത പറയുന്നു. വരന്മാരുമായി തനിക്കിപ്പോൾ നല്ല ബന്ധമാണുള്ളതെന്നും സുനിത. ഷില്ലായിൽ സർക്കാർ ജീവനക്കാരനാണ് പ്രദീപ്. ഇളയ സഹോദരനായ കപിൽ വിദേശത്താണ് ജോലി ചെയ്യുന്നത്. സ്വന്തം ഗോത്ര പാരമ്പര്യത്തിൽ അഭിമാനിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു വിവാഹത്തിന് തയാറായതെന്ന് പ്രദീപ് പറയുന്നു. സുതാര്യതയിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.
ഹിമാചൽ- ഉത്തരാഖണ്ഡ് അതിർത്തിയിലുള്ള ഹട്ടിയെ പട്ടിക വർഗ വിഭാഗത്തിൽ മൂന്നു വർഷം മുൻപാണ് ഉൾപ്പെടുത്തിയത്. നൂറ്റാണ്ടുകളായി ഇവർ ബഹുഭർതൃത്വം പിന്തുടർന്നു വരുന്നവരാണ്. പാരമ്പര്യ സ്വത്ത് നഷ്ടപ്പെടാതിരിക്കാനായാണ് ഈ ആചാരം പിന്തുടർന്നു വന്നിരുന്നത്. പക്ഷേ അടുത്ത കാലത്തായി സ്ത്രീകൾ ഈ ആചാരത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.