സ്വതന്ത്ര ഭരദ്വാജ്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത ഹിന്ദുത്വവാദിയും ഇൻഫ്ലുവൻസറുമായ പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോക്‌റോച്ച് ജനതാ പാർട്ടി പ്രവർത്തക നിഷു ആസാദിന്‍റെ പിതാവ് സഞ്ജയ് ആസാദിന്‍റെ തലയോട്ടി അടിച്ചു തകർത്തെന്ന കാര‍്യം വിഡിയോയിലൂടെ ഇയാൾ പങ്കുവച്ചിരുന്നു.
ഇത് പൊലീസിന് മേൽ സമ്മർദം ചെലുത്തുകയും കസ്റ്റഡിയിലെടുക്കുന്നതിലേക്ക് നയിക്കുകയുമായിരുന്നു. വിഡിയോ വൈറലായതോടെ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ സിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിദ‍്യാർഥിനിയുടെ പിതാവിനെ മർദിച്ച സംഭവത്തിൽ ബിജെപി നേതാവ് ഇടപെട്ടതിനാൽ തനിക്ക് ജയിലിൽ കഴിയേണ്ടി വന്നില്ലെന്നും സ്വതന്ത്ര ഭരദ്വാജ് വിഡിയോയിൽ പറഞ്ഞിരുന്നു.