പഞ്ചാബിൽ വൻ ആയുധ ശേഖരം പിടികൂടി; ഐഎസ്‌ഐ ബന്ധമുള്ളതായി സൂചന
അമൃത്സര്‍: പഞ്ചാബിൽ വൻ ആയുധ ശേഖരം പിടികൂടി. 5 ഗ്രനേഡുകൾ, 2 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകൾ, 2 ഐഇഡികൾ, ഒരു വയർലെസ് കമ്യൂണിക്കേഷൻ സെറ്റ് എന്നിവയടങ്ങുന്നതാണ് ശേഖരം.
പ്രാഥമിക അന്വേഷണത്തിൽ പാക് ചാരസംഘടന ഐഎസ്‌ഐയുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.
ആയുധശേഖരം പിടികൂടിയ പശ്ചാത്തലത്തില്‍ വനമേഖലയിലേക്കടക്കം തെരച്ചില്‍ വ്യാപിപ്പിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. തുടർന്ന് ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്ര സേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്.
പഞ്ചാബിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്ലീപ്പര്‍ സെല്ലുകളെ സജീവമാക്കുന്നതിന് വേണ്ടി നടത്തിയ ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് ആയുധശേഖരം ഇവിടെയെത്തിയതെന്ന നിഗമനത്തിലാണ് പഞ്ചാബ് പൊലീസ്. സംഭവത്തില്‍ അമൃത്സർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെല്ലും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.