മോനീന്ദർ സിങ് പാന്ഥർ.
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം പോയാല്‍ മതി നിതാരിയിലേക്ക്. 2005 ലാണ് നിതാരിയില്‍ നിന്ന് പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായി തുടങ്ങുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ നിരവധി പെണ്‍കുട്ടികളും സ്ത്രീകളും ഇവിടെ നിന്ന് കാണാതായി. അവര്‍ എവിടെ എന്ന ചോദ്യം അവസാനിച്ചത് ഓവുചാലിലാണ്.
ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പ്രദേശത്തെ ഒരു ഓവുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ഡി 5 ബംഗ്ലാവിലെ താമസക്കാരനായ മോനീന്ദര്‍ സിങ് പാന്ഥറും അയാളുടെ സഹായി സുരീന്ദര്‍ കോലിയും അറസ്റ്റിലായി. 17 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കുറ്റവിമുക്തരായി പുറത്തിറങ്ങിയിരിക്കുകയാണ് ഇരുവരും. അവസാനം അവശേഷിക്കുന്നത് ഒരു ചോദ്യം മാത്രം, നിതാരിയിലെ പെണ്‍കുട്ടികളെ കൊന്നത് ആരാണ്?
ജയില്‍മോചനത്തിന് ശേഷം നിതാരി കൊലപാതകത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോനീന്ദര്‍. കൊലപാതകത്തില്‍ തനിക്ക് പങ്കില്ല എന്നാണ് ഇയാള്‍ പറയുന്നത്. മാധ്യമ വിചാരണയും ജനങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദവും അന്വേഷണ ഏജന്‍സികള്‍ക്കുണ്ടായ പിഴവുമാണ് അന്വേഷണം വഴിതെറ്റാന്‍ കാരണമായത് എന്നാണ് മോനീന്ദര്‍ പറയുന്നത്. ഏതെങ്കിലും കൊലപാതക കേസിലോ ബലാത്സംഗ കേസിലോ സിബിഐ തനിക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ സഹായിയായ സുരേന്ദ്ര കൊലി നല്ല മനുഷ്യനായിരുന്നു എന്നാണ് മോനീന്ദര്‍ പറയുന്നത്. അല്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും ജോലിക്ക് നിര്‍ത്തുമായിരുന്നില്ലെന്നും വ്യക്തമാക്കി. പെണ്‍കുട്ടികള്‍ സൗഹാര്‍ദത്തോടെയാണ് തന്നോട് പെരുമാറിയിരുന്നത്. പണം നല്‍കിയുള്ള ലൈംഗികബന്ധവും പ്രശ്‌നമായിരുന്നില്ല. ചില സമയപെണ്‍കുട്ടികള്‍ക്ക് തന്റെ വീട് ഇഷ്ടമായിരുന്നു. അവിടെ സമാധാനമുണ്ടായിരുന്നു. കുടിക്കാനും ഡാന്‍സ് ചെയ്യാനും വിശ്രമിക്കാനുമായി അവര്‍ വീട്ടില്‍ വരുമായിരുന്നു. ചിലപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കൂടെയുണ്ടാകുമായിരുന്നെന്നും മോനീന്ദര്‍ പറയുന്നത്.
'ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍? പൊലീസാണോ ഉത്തരവാദി? ഞാനാണോ? മറ്റാരെങ്കിലുമാണോ? നിരവധി പേര്‍ ഉത്തരവാദികളാണ്. അന്വേഷണം കൃത്യമായി നടന്നിരുന്നെങ്കില്‍ സത്യം പുറത്തുവരുമായിരുന്നു. മാധ്യമങ്ങള്‍ അന്വേഷണത്തെ സ്വാധീനിച്ചു എന്നത് 110 ശതമാനം ഉറപ്പാണ്'- മോനീന്ദര്‍ പറഞ്ഞു.
മോനിന്ദറിന്റെ വീടായ ഡി 5ന്റെ പുറകിലെ ഓവുചാലില്‍ നിന്നായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ കുട്ടികളില്‍ പലരേയും ഡി 1 മുതല്‍ ഡി 6 വരെയുള്ള വീടുകള്‍ക്ക് ഇടയിലാണ് അവസാനമായി കണ്ടത്. ചിലരെ നിതാരി പാലത്തിന് സമീപത്തും കണ്ടവരുണ്ട്. എന്നാല്‍ ഡി 5 ന് സമീപമാണ് എന്ന് എവിടെയും വ്യക്തമായി പറയുന്നില്ല. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലായതിനാല്‍ താന്‍ ആഴ്ചയില്‍ കുറച്ചുദിവസം മാത്രമാണ് വീട്ടില്‍ നിന്നിരുന്നത് എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. തന്‍റെ വീടിന് അടുത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ വിവരം അവസാനം അറിഞ്ഞത് താനാണെന്നും അതറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മോനീന്ദർ പറഞ്ഞു.